നരിക്കുനി: കുഴികളായി യാത്രാദുരിതം പേറുന്ന മടവൂർ മുക്കിലെ അടുമാറിത്താഴം- കാവാട്ടുപറമ്പ് (കൊല്ലയിൽത്താഴം) ചെമ്മൺ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക്. കാവാട്ടുപറമ്പ്, കൊല്ലയിൽത്താഴം പ്രദേശവാസികൾക്ക് മടവൂർമുക്ക്- പൈമ്പാലശ്ശേരി- പുല്ലാളൂർ റോഡുമായി ബന്ധപ്പെടാനുള്ള ഒരേയൊരു മാർഗ്ഗമാണ് അധികൃതരുടെ അവഗണന നേരിടുന്നത്.
റോഡ് നേരത്തേ പലവാർഡുകളിൽ പെട്ടതായിരുന്നതു കൊണ്ടുതന്നെ റോഡിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കാതെ ഒഴിഞ്ഞുമാറിയതായി നാട്ടുകാർ കുറ്റപ്പെടുത്തുന്നു. സ്കൂൾ കുട്ടികളും രോഗികളും വൃദ്ധരുമടക്കം ഒട്ടേറെപ്പേർ ദിനേന യാത്രയ്ക്കു ഉപയോഗിക്കുന്ന റോഡിന്റെ പരിതാപകരമായ അവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പറയത്തക്ക ഒരുപരിഹാരവും ഉണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
കാവാട്ടുപറമ്പ് കൊല്ലയിൽ പ്രദേശത്തെ അടുമാറിത്താഴവുമായി ബന്ധിപ്പിക്കുന്നത് കൂട്ടുപുറം മൂന്നാംപുഴ തോടിനുകുറുകേ നിർമ്മിച്ച കൊല്ലയിൽത്താഴം പാലമാണ്. പ്രദേശത്തെ 71 വീട്ടുകാർ കടന്നുപോകുന്നത് വയലിലൂടെ നിർമ്മിച്ച റോഡുവഴിയാണ്. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് മുൻ എംഎൽഎ കാരാട്ട് റസാഖിന്റെയും, പഞ്ചായത്ത് മെമ്പർ നസ്തിറിന്റെയും ശ്രമഫലമായി മൈനർ ഇറിഗേഷൻ ഫണ്ടുപയോഗപ്പെടുത്തിയാണ് പാലം അനുവദിച്ചത്.
വയലിൽ നിന്ന് ഉയർത്തിപ്പണിത റോഡ് മഴക്കാലത്ത് ചെളിക്കുളമാകും. വേനലിൽ പൊടിപാറുന്നുതും മഴയിൽ മണ്ണൊലിച്ചുപോയതും കാരണം ഉയർന്നുനിൽക്കുന്ന കൂർത്ത കല്ലുകളും കാൽനടപോലും അസാധ്യവുമാക്കുന്നു. ഓവുചാൽ സംവിധാനത്തോടെ സംരക്ഷണഭിത്തി കെട്ടി ടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.