കണ്ണൂർ/മലപ്പുറം: കണ്ണൂരിൽ ഇടിമിന്നലേറ്റ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് സാരമായി പരുക്കേറ്റു. ചെമ്പന്തൊട്ടി നെടിയേങ്ങയിലെ ചെങ്കൽ ക്വാറി തൊഴിലാളികളായ അസാം സ്വദേശി ജോസ് (35), ഒഡീഷ സ്വദേശി രാജേഷ് (25) എന്നിവരാണ് മരിച്ചത്. അസം സ്വദേശി ഗൗതമിനാണ് (40) പരുക്കേറ്റത്. ഇയാൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ഭക്ഷണശേഷം ജോലി ചെയ്യാനായി നടന്നു പോകുമ്പോഴാണ് മിന്നലേറ്റത്. രണ്ടുപേർ സംഭവ സ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. സ്ഥലത്തുണ്ടായിരുന്ന മറ്റു തൊഴിലാളികളാണ് ആംബുലൻസ് വിളിച്ചുവരുത്തി ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉച്ചകഴിഞ്ഞ് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമായിരുന്നു.
മലപ്പുറം കൊണ്ടോട്ടിയിലും രണ്ടുപേർക്ക് ഇടിമിന്നലേറ്റു. എക്കാപറമ്പിൽ കെട്ടിട നിർമ്മാണത്തിനിടെയാണ് മിന്നലേറ്റത്. കിഴിശ്ശേരി സ്വദേശികളായ സിറാജുദ്ദീൻ, അബ്ദുൾ റഫീഖ് എന്നിവർക്കാണ് മിന്നലേറ്റത്. ഇതിൽ സിറാജുദ്ദീൻ്റെ നില ഗുരുതരമാണ്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും അബ്ദുൾ റഫീഖിനെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.