Trending

സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക് അനുവദിക്കരുത്; മനുഷ്യാവകാശ കമ്മീഷൻ.


കോഴിക്കോട്: സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തിയാൽ നിയമപരമായ നടപടികൾ കർശ്ശനമായി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക് അവസാനിപ്പിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കി കോഴിക്കോട് ജില്ലാ കളക്ടറും ആർടിഒയും മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

സ്വകാര്യ ബസ്സുകൾ കൂടുതലായി ഓടുന്ന റൂട്ടിൽ മുന്നറിയിപ്പില്ലാതെ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചാൽ പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് നേരിടുമെന്ന് ഉത്തരവിൽ പറഞ്ഞു. സ്വകാര്യ ബസ് ജീവനക്കാരെ മർദ്ദിച്ചെന്ന് ആരോപിച്ച് ബസ്സുകൾ പണിമുടക്കുന്നത് പതിവാണെന്ന അധികൃതരുടെ റിപ്പോർട്ട് നിർഭാഗ്യകരമാണ്. ഇത്തരം നടപടികൾ നിയമലംഘനത്തിനുള്ള സാധൂകരണമല്ലെന്നും ഉത്തരവിൽ പറഞ്ഞു. സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തിയാൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടും. ഇത്തരം നടപടികൾ കമ്മീഷൻ ഗൗരവത്തോടെ കാണുന്നു. പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ താറുമാറാക്കുന്ന സമരങ്ങൾ അനുവദിക്കാനാവില്ലെന്നും ഉത്തരവിൽ പറഞ്ഞു.

കോഴിക്കോട്-കുറ്റ്യാടി റോഡിൽ 2024 ഓഗസ്റ്റ് 4ന് നടന്ന സ്വകാര്യ ബസ് പണിമുടക്കിനെതിരെ ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷമീർ നളന്ദ സമർപ്പിച്ച പരാതിയിലാണ് നടപടി. 43-ഓളം സ്വകാര്യ ബസ്സുകളാണ് പണിമുടക്കിയതെന്നും കെ.എസ്.ആർ.ടി.സി അധിക സർവ്വീസുകൾ നടത്തിയിട്ടും ഫലമുണ്ടായില്ലെന്നും ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന അജ്‌വ എന്ന ബസ്സിലെ ഡ്രൈവറെ കാറിലെത്തിയ സംഘം അത്തോളി കൂമുള്ളിയിൽ വച്ച് മർദ്ദിച്ചതായി റിപ്പോർട്ടിൽ പറയുന്നു. വാട്സാപ്പ് കൂട്ടായ്മയുടെ അഡ്മിന്റെ നിർദ്ദേശാനുസരണമാണ് സമരം നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

Post a Comment

Previous Post Next Post