Trending

കേരളത്തിൽ സീ പ്ലെയിൻ ചിറകു വിരിക്കുന്നു; 48 റൂട്ടുകൾക്ക് ഏവിയേഷൻ വകുപ്പിൻ്റെ അനുമതി.


തിരുവനന്തപുരം: കേരള സർക്കാരിന്റെ സീ പ്ലെയിൻ പദ്ധതിക്ക് ഏവിയേഷൻ വകുപ്പിന്റെ അനുമതി. സംസ്ഥാനത്ത് 48 റൂട്ടുകൾക്ക് അനുമതി ലഭിച്ചതായി പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ഇന്ത്യ വൺ എയർ, മെഹ്എയർ, പിഎച്ചൽ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികൾക്കാണ് റൂട്ടുകൾ അനുവദിച്ചിട്ടുള്ളത്.

സീ പ്ലെയിൻ പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള കടമ്പകൾ ഓരോന്നായി പൂർത്തിയാക്കുകയാണെന്ന പ്രഖ്യാപനത്തോടെയാണ് ടൂറിസം മന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ സീ പ്ലെയിൻ പദ്ധതി അവതരിപ്പിച്ച് കൊണ്ട് കൊച്ചിയിൽ നിന്നും ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടിയിലേക്ക് വിമാനത്തിന്റെ പരീക്ഷണ പറക്കൽ ഉൾപ്പെടെ നടത്തിയിരുന്നു.

സീ പ്ലെയിൻ പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യം ഒരുക്കുവാനുള്ള പദ്ധതി തയ്യാറാക്കി വരികയാണെന്നും, തുടർനടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. സീ പ്ലെയിൻ പദ്ധതിക്കായി എൽഡിഎഫ് സർക്കാർ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ഡാമുകളിലുടെയുള്ള സീപ്ലെയിൻ പദ്ധതി ഭാവി കേരളത്തിൽ യാഥാർത്ഥ്യമാക്കാൻ എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി റിയാസ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Post a Comment

Previous Post Next Post