ഹൈദരാബാദ്: 2025-ലെ ദേശീയ ഇ-ഗവേണൻസ് അവാർഡിന് അർഹമായ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മൾട്ടി ഹസാർഡ് ഏർളി വാണിംഗ് ഡിസിഷൻ സപ്പോർട്ട് സിസ്റ്റം (DSS) വികസിപ്പിച്ചതിൽ മലയാളി ശാസ്ത്രജ്ഞനും. നന്മണ്ട സ്വദേശിയായ ഡോ. ബുഷൈർ എം.ടിയാണ് കാലാവസ്ഥ മുന്നറിയിപ്പ് രംഗത്ത് മുതൽക്കൂട്ടാവുന്ന മൾട്ടി ഹസാർഡ് ഏർളി വാണിംഗ് ഡിസിഷൻ സപ്പോർട്ട് സിസ്റ്റം വികസിപ്പിച്ച സംഘത്തിൽ അവാർഡ് ഏറ്റുവാങ്ങിയത്. കേന്ദ്ര കാലാവസ്ഥ വകുപ്പിലെ സയിൻ്റിസ്റ്റ്-ഡി തസ്തികയിലാണ് ബുഷൈർ പ്രവർത്തിക്കുന്നത്. കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ ഡോ. എം. മഹാപത്രിയുടെ നേതൃത്വത്തിലാണ് മുന്നറിയിപ്പ് സംവിധാനം വികസിപ്പിച്ചത്.
വിശാഖപട്ടണത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും, ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെയും, ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും സ്വതന്ത്ര ചുമതല വഹിക്കുന്ന കേന്ദ്ര സഹ മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അവാർഡ് സമ്മാനിച്ചു. തദ്ദേശീയമായ മുന്നറിയിപ്പ് സംവിധാനമാണിത്. കേന്ദ്രസർക്കാറിന്റെ ഇ-ഗവണ്മെന്റ്സ് മേഖലയിലെ മികച്ച പുരസ്കാരമാണ് കാലാവസ്ഥാ രംഗത്തെ കണ്ടെത്തലിന് ലഭിച്ചത്. ഉപഗ്രഹങ്ങൾ, റഡാറുകൾ, മറ്റു കാലാവസ്ഥാ സെൻസറുകൾ മുതലായവയിൽ നിന്നുള്ള തത്സമയ വിവരങ്ങൾ (ഡാറ്റ) gis- പ്ലാറ്റ്ഫോമിൽ ഏകോപിപ്പിക്കുകയും ഇതിലൂടെ impact-based ഫോർകാസ്റ്റും risk-based warnings ഉം നൽകാൻ കഴിയുന്നു എന്നതാണ് സംവിധാനത്തിന്റെ പ്രത്യേകത.
കാർഷികം, വ്യോമഗതാഗതം, ഉപരിതല ഗതാഗതം, ഊർജ്ജം, ദുരന്തനിവാരണ മേഖലകൾക്ക് ഇത് വലിയ സഹായമാകും. ബുഷൈറിനൊപ്പം അൻഷുൽ ചൗഹാൻ (scientist-c), സുമൻ ഗുർജാർ (scientist-d) തുടങ്ങിയവരും ഈ സംവിധാനം വികസിപ്പിക്കാൻ പ്രയത്നിച്ചു. പരമ്പരാഗത മാനുവൽ ഡാറ്റ രീതികൾക്ക് ബദലായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം കാലാവസ്ഥ പ്രതിസന്ധി ഘട്ടങ്ങളിൽ വലിയ സഹായം ചെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. എല്ലാ വീട്ടിലും എല്ലാ സമയത്തും കാലാവസ്ഥ വിവരം (ഹർ ഹർ മൗസം, ഹർ ഘർ മൗസം) എന്ന കാലാവസ്ഥ വകുപ്പിന്റെ ലക്ഷത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം വികസിപ്പിച്ചത്.
അബ്ദുൽ അസീസിന്റെയും ബീവിയുടെയും മകനാണ് ഡോ. ബുഷൈർ. കുട്ടമ്പൂർ ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 2008-ൽ കോഴിക്കോട് ഫാറൂഖ് കോളേജിൽ ഫിസിക്സ് ബിരുദം പൂർത്തിയാക്കി. ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടി. നാഷണൽ സെൻറർ ഫോർ മീഡിയം റെയിഞ്ച് വെതർ ഫോർകാസ്റ്റിങിൽ പ്രോജക്ട് സയ്ന്റിസ്റ്റ് ആയിരുന്നു. ഭാര്യ: അരീബ ജുമാൻ. മക്കൾ: നൈല, നഹ്‌വ, ലിയാൻ.