തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്തംബർ 30ന് പൊതുഅവധി പ്രഖ്യാപിച്ചതിനാൽ ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും പിഎസ്‍സി മാറ്റിവച്ചു. പരീക്ഷകൾ, കായിക പരീക്ഷ, നിയമന പരിശോധന എന്നിവയാണ് മാറ്റിയത്. ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ്, കയർഫെഡിൽ കെമിസ്റ്റ്, ആർക്കൈവ്സ് വകുപ്പിൽ കൺസർവേഷൻ ഓഫീസർ തസ്തികകളിലേക്കുള്ള പരീക്ഷകൾ ഒക്ടോബർ 8ന് നടത്തും.
വനം- വന്യജീവി വകുപ്പിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 277/2024) തസ്തികയ്ക്കു തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും വാക്കിങ് ടെസ്റ്റും ഒക്ടോബർ 3-ലേക്ക് മാറ്റി. സെപ്തംബർ 30ന് നടത്താനിരുന്ന നിയമന പരിശോധനയും മാറ്റിവച്ചു.