നടുവണ്ണൂർ: റോഡരികിൽ സ്കൂട്ടർ നിർത്തി ഫോണിൽ സംസാരിക്കുകയായിരുന്ന യുവതിയെ കാറിടിച്ച് വീഴ്ത്തി. യുവതിയും സ്കൂട്ടറും കലുങ്കിൻ്റെ ഓവുചാലിൽ വീണ് യുവതിക്ക് പരിക്കേറ്റു. നൊച്ചാട് ശാസ്താം കോട്ടുമ്മൽ അയിഷ ഹനീന (25) യ്ക്കാണ് പരിക്കേറ്റത്. തെരുവത്തു കടവിലെ ‘കടവ് മാർട്ടിന്' മുൻവശത്ത് ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം.
സ്കൂട്ടറിൽ നിന്നിറങ്ങി ഫോണിൽ സംസാരിക്കുമ്പോൾ ഉള്ളിയേരി ഭാഗത്തുനിന്നു വന്ന ഇന്നോവ കാർ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. രണ്ടരമീറ്റർ താഴ്ചയിലേക്കാണ് യുവതിയും സ്കൂട്ടറും വീണത്. പരിക്കേറ്റ യുവതിയെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം തകർന്നു. കലുങ്കിന് പാർശ്വഭിത്തിയില്ലായിരുന്നു. കലുങ്കിന് പാർശ്വഭിത്തിയില്ലെന്ന് അറിയിച്ച് പേരാമ്പ്ര പൊതുമരാമത്ത് വകുപ്പ് ഓഫീസിൽ നേരെത്തെ നിവേദനം നൽകിയിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.