പേരാമ്പ്ര: ചങ്ങരോത്ത് പന്തിരിക്കരയിൽ വയോധികയുടെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ യുവാവ് പിടിയില്‍. മേമണ്ണില്‍ ജയ്‌സണ്‍ (31) ആണ് പെരുവണ്ണാമൂഴി പൊലീസിന്റെ പിടിയിലായത്. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ പ്രതി വയോധികയെ റോഡില്‍ തള്ളിയിട്ടാണ് കടന്നുകളഞ്ഞത്.
ഈ മാസം 13ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. പന്തിരിക്കര ആവടുക്കയില്‍ പുല്ലാനികാവ് മുക്കിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന പുല്ലാനികാവ് ആസ്യ (80) യുടെ മാലയാണ് കവർന്നത്. ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാല പൊട്ടിച്ചെടുത്തു യുവാവ് കടന്നുകളയുകയായിരുന്നു.
സ്ത്രീ നൽകിയ മൊഴി പ്രകാരം ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചത്. പെരുവണ്ണാമൂഴി പൊലീസ് ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ കുഞ്ഞമ്മദ്, മുനീര്‍, ഗിരീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സമീര്‍ കെ.കെ, അനൂപ് എം.പി, ഷിജിത്ത് കെ.സി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.