തിരുവനന്തപുരം: മിൽമയുടെ ജനകീയമായ പാൽ ഉൽപ്പന്നങ്ങളുടെ വില തിങ്കൾ മുതൽ കുറയും. നെയ്യ്, വെണ്ണ, പനീർ, ഐസ്ക്രീം തുടങ്ങി നൂറിലധികം ഉൽപ്പന്നങ്ങൾക്ക് വില കുറയും. നെയ്യ്, വെണ്ണ, പനീർ എന്നിവയുടെ വില ഏഴു ശതമാനത്തോളം കുറയും. ഐസ്ക്രീമിന് 12 മുതൽ 13 ശതമാനം വരെയാണ് കുറയുന്നത്. ഉപഭോക്താക്കളോടുള്ള ക്ഷീര സഹകരണ സംഘങ്ങളുടെ അർപ്പണ മനോഭാവമാണ് വിലക്കുറവിലൂടെ തെളിയിക്കുന്നതെന്ന് മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു.
നെയ്യ് ഒരു ലിറ്ററിന് 45 രൂപയാണ് കുറയുക. പുതിയ വില 675 രൂപയാണ്. 370 രൂപയുണ്ടായിരുന്ന അര ലിറ്റർ നെയ്യ് 25 രൂപ കുറവിൽ 345 രൂപയ്ക്ക് നൽകും. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് 225 രൂപയ്ക്ക് ലഭിക്കും. 500 ഗ്രാം പനീറിന്റെ വില 245 രൂപയിൽ നിന്ന് 234 രൂപയായി കുറയും. വാനില ഐസ്ക്രീമിന്റെ 220 രൂപയായിരുന്ന ഒരു ലിറ്ററിന്റെ വില 196 രൂപയാക്കിയിട്ടുണ്ട്.
മിൽമയുടെ പായസം മിക്സിൻ്റെ ജിഎസ് ടി 18 ശതമാനത്തിൽ നിന്ന് അഞ്ചാക്കി കുറച്ചിട്ടുണ്ട്. പായ്ക്ക് ചെയ്ത ജ്യൂസുൾക്കും ഈ ഇളവ് ലഭ്യമാണ്. അതേസമയം ഗുണമേന്മയുള്ള പാൽ, പാലുത്പന്നങ്ങൾ എന്നിവ ഉപഭോക്താക്കൾക്ക് നൽകുന്നതിനൊപ്പം വിവിധ സബ്സിഡികൾ, ക്ഷേമപ്രവർത്തനങ്ങൾ എന്നിവയിലൂടെ ക്ഷീരകർഷകരെ സഹായിക്കുന്നതിനും കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (കെസിഎംഎംഎഫ്) ശ്രദ്ധകേന്ദ്രീകരിക്കുന്നതായി ചെയർമാൻ വ്യക്തമാക്കി.