ശരീരത്തിന് ഏറ്റവും ഗുണകരമായ ആഹാരങ്ങളിലൊന്നാണ് മുട്ട. പ്രോട്ടീനും മറ്റ് പോഷകങ്ങളും മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ ധാരാളം വിറ്റാമിനും ധാതുക്കളും അമിനോ ആസിഡുകളും ഇതിലുണ്ട്. ദിവസേന ഒരു മുട്ട വീതം കഴിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ മുട്ട കഴിക്കുമ്പോൾ ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യത്തിന് പകരം ദോഷഫലങ്ങളാവും ലഭിക്കുക.
എണ്ണയിൽ പൊരിച്ചെടുക്കുന്ന മുട്ടയേക്കാൾ ആവിയിൽ പുഴുങ്ങിയ മുട്ടയാണ് ആരോഗ്യത്തിന് നല്ലതെന്ന് വിദഗ്ദ്ധർ പറയുന്നു. പുഴുങ്ങിയ മുട്ടയിൽ പ്രോട്ടീൻ അളവ് കൂടുതലാണ്. മാത്രമല്ല, പുഴുങ്ങിയ മുട്ടയിൽ കൊഴുപ്പും കാലറിയും കുറവായിരിക്കും. ശരീരഭാരം നിയന്ത്രിക്കുന്നവരും ജിമ്മിൽ വ്യായാമം ചെയ്യുന്നവരും ബോഡി ബിൽഡർമാരുമെല്ലാം പുഴുങ്ങിയ മുട്ടയ്ക്കാണ് മുൻഗണന നൽകുന്നത്.
എന്നാൽ പുഴുങ്ങിയ മുട്ടയോ പകുതി പുഴുങ്ങിയോ ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത്തരത്തിൽ പാകം ചെയ്യുന്ന മുട്ടയിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകൾ ഉണ്ടായേക്കാം. പച്ചമുട്ടയിൽ 'സാൽമൊണെല്ല' എന്ന ബാക്ടീരിയ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മാത്രമല്ല, പക്ഷിപ്പനി വ്യാപകമാവുന്ന സമയങ്ങളിൽ ബാക്ടീരിയ അണുബാധയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. ഭക്ഷ്യവിഷബാധ, ദഹനനാളത്തിന്റെ അസ്വസ്ഥത, വയറിളക്കം, വയറുവേദന, പനി എന്നിവയ്ക്കും സാൽമൊണെല്ല കാരണമാകാറുണ്ട്.