Trending

വീട്ടുകാരുടെ കണ്ണൊന്ന് തെറ്റി, തിരക്കേറിയ റോഡിൽ തനിച്ചെത്തി; പിഞ്ചുകുഞ്ഞിന് രക്ഷകരായി പോലീസ്.


നാദാപുരം: വീട്ടുകാരുടെ ശ്രദ്ധ മാറിയപ്പോള്‍ രണ്ടു വയസ്സുകാരന്‍ വീട്ടില്‍ നിന്നിറങ്ങി നീങ്ങിയത് വാഹന തിരക്കേറിയ റോഡിലേക്ക്. പട്രോളിങ് നടത്തുകയായിരുന്ന പോലീസുകാരാണ് റോഡരികില്‍ തനിയെ നില്‍ക്കുകയായിരുന്ന കുഞ്ഞിന്റെ രക്ഷകരായി മാറിയത്. നാദാപുരം കക്കംവെള്ളിയിലാണ് ഞെട്ടലുണ്ടാക്കിയ സംഭവം നടന്നത്.

കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ കക്കംവെള്ളി സ്വദേശികളുടെ രണ്ടു വയസ്സുകാരന്‍ മകന്‍ കളിക്കുന്നതിനിടെ റോഡരികിലേക്ക് പോവുകയായിരുന്നു. കുഞ്ഞ് റോഡരികിലേക്ക് പോയത് വീട്ടുകാര്‍ അറിഞ്ഞില്ല. ഈ സമയത്ത് പട്രോളിങ് നടത്തുകയായിരുന്നു നാദാപുരം കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരായ കൈതക്കല്‍ രാജന്‍, സജിത് മുള്ളേരിയ, രജീഷ് ചേലക്കാട്, ഷിബിന്‍ തുടങ്ങിയവര്‍. 

റോഡരികില്‍ ഒരു പിഞ്ചുകുഞ്ഞ് തനിയെ നില്‍ക്കുന്നത് പൊലീസുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവര്‍ വാഹനം നിര്‍ത്തി കുഞ്ഞിനെ വാരിടുത്തു. അപ്പോഴേയ്ക്കും പരിഭ്രാന്തിയോടെ കുഞ്ഞിനെ തേടി അമ്മയെത്തിയിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ പരിഭ്രമിച്ചു പോയ അമ്മയ്ക്ക് പൊലീസിന്‍റെ കൈകളില്‍ സുരക്ഷിതമായി തന്റെ പൊന്നോമനയെ കണ്ടതോടെ ആശ്വാസമായി. പൊലീസുകാര്‍ക്ക് നന്ദി പറഞ്ഞാണ് അവര്‍ കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങിയത്.

Post a Comment

Previous Post Next Post