തിരുവനന്തപുരം: അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) പാസാകത്തവര്‍ക്ക് രണ്ടുവര്‍ഷം കഴിഞ്ഞാല്‍ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കണമെന്ന സുപ്രീംകോടതി വിധിയില്‍ നിയമ നടപടിക്കൊരുങ്ങി കേരളം. വിധി പരിശോധിച്ച ശേഷം, പുനപരിശോധന ഹർജിയോ വ‍്യക്തത തേടി സുപ്രീംകോടതിയെ വീണ്ടും സമീപിക്കുകയോ ചെയ്യാനാണ് സംസ്ഥാന സർക്കാരിന്‍റെ തീരുമാനമെന്ന് വിദ‍്യാഭ‍്യാസ മന്ത്രി വി.ശിവൻകുട്ടി വ‍്യക്തമാക്കി. നിലവില്‍ അരലക്ഷത്തിലേറെ അധ്യാപകരെയാണ് കോടതിവിധി ബാധിക്കുക.
2009-ല്‍ വിദ്യാഭ്യാസ അവകാശ നിയമം (ആര്‍ടിഇ) വന്ന ശേഷമാണ് ടെറ്റ് നിര്‍ബന്ധമായത്. അതിനുമുമ്പ് നിയമിക്കപ്പെട്ടവര്‍ക്കും ടെറ്റ് യോഗ്യത നിര്‍ദ്ദേശിച്ച് ദേശീയ അധ്യാപക വിദ്യാഭ്യാസ കൗണ്‍സില്‍ (എന്‍സിടിഇ) 2010-ല്‍ മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. കേരളത്തില്‍ ആര്‍ടിഇ ചട്ടം നിലവില്‍ വന്നത് 2010-ല്‍ ആണ്. 2011-ന് ശേഷം സര്‍വീസില്‍ കയറുന്നവര്‍ക്ക് കെ-ടെറ്റ് നിര്‍ബന്ധമാക്കി. 2012 മുതല്‍ ഇതു നടപ്പായി.
അതിന് മുന്‍പുള്ള പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവരെ ഒഴിവാക്കിയിരുന്നു. പുതിയ നിയമം വരുമ്പോള്‍ അതിനു മുന്‍പുള്ളവരെ സംരക്ഷിക്കുന്നതാണ് സാമാന്യരീതി. ഇതനുസരിച്ചായിരുന്നു കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ഇളവ്. പക്ഷേ, ആര്‍ടിഇ പ്രകാരമുള്ള ടെറ്റ് യോഗ്യതയ്ക്കു മുന്‍കാല പ്രാബല്യവും കണക്കാക്കിയാണ് കോടതിവിധി.