ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം. ഖത്തറിന്റെ മധ്യസ്ഥതയിൽ ഗസ്സയിൽ വെടിനിർത്തുന്നതിന് ചർച്ച ചെയ്യാൻ ദോഹയിലെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ചൊവ്വാഴ്ച വൈകീട്ട് 3.50 ഓടെയാണ് വൻ ശബ്ദത്തിൽ ലഗ്തൈഫിയ ഭാഗത്ത് ജനവാസ മേഖലയിൽ തുടർച്ചയായി സ്ഫോടനമുണ്ടായത്. പ്രദേശത്ത് വലിയ തോതിൽ പുക ഉയർന്നു.
ആക്രമിക്കപ്പെട്ട കെട്ടിടത്തിൽ ഖലീൽ അൽ ഹയ്യ, ഖാലിദ് മിശ്അൽ, സഹർ ജബരിൻ, നിസാർ അവദല്ല തുടങ്ങിയ ഹമാസിൻ്റെ സമുന്നത നേതാക്കൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഇവർ സുരക്ഷിതരാണെന്ന് പേരു വെളിപ്പെടുത്താത്ത ഹമാസ് വക്താവിനെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. ഗസ്സയിലെ ഹമാസ് തലവനായ ഖലീൽ അൽ ഹയ്യയുടെ മകൻ ഹമീം അൽ ഹയ്യയും, ഓഫീസ് ഡയറക്ടർ ജിഹാദ് ലബാദുമാണ് കൊല്ലപ്പെട്ടതെന്ന് ചില ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ 7-ലെ ആക്രമണത്തിന് ഉത്തരവാദികളായ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ‘സമ്മിറ്റ് ഓഫ് ഫയർ’ എന്ന് പേരിട്ട ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ദോഹയിലെ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്തമാക്കി. ‘ഇസ്രായേൽ ആസൂത്രണം ചെയ്തു, നടപ്പാക്കി. പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’-പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. യു.എസിന്റെ പിന്തുണയോടെയാണ് ആക്രമണമെന്നാണ് സൂചനയെങ്കിലും ഔദ്യോഗിക സ്‍ഥിരീകരണമില്ല.
തങ്ങളുടെ രാജ്യത്ത് കടന്നുകയറി ഇസ്രായേൽ ആക്രമണം നടത്തിയതിനെ ഖത്തർ ശക്തമായി അപലപിച്ചു. ‘എല്ലാവിധ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചുള്ള ക്രിമിനൽ ആക്രമണമാണ് ഇസ്രായേൽ നടത്തിയത്. ഖത്തറിലെ ജനങ്ങളുടെയും രാജ്യത്ത് താമസിക്കുന്നവരുടെയും സുരക്ഷക്ക് കനത്ത ആഘാതമേൽപ്പിക്കുന്ന ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു’ -ഖത്തർ വിദേശകാര്യ വക്താവ് മജീദ് അൽ അൻസാരി വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരത്തിനും ജനങ്ങളുടെ സുരക്ഷക്കും വെല്ലുവിളി ഉയർത്തുന്ന ഇസ്രായേലിന്റെ ആക്രമണങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇസ്രായേൽ ആക്രമണത്തെ യു.എൻ, സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ജോർഡൻ, ഇറാൻ, ഇറാഖ്, ഫലസ്തീൻ അതോറിറ്റി തുടങ്ങിയവർ അപലപിച്ചു.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗസ്സയിലെ വെടിനിർത്തൽ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട ചർച്ച ദോഹയിൽ പുരോഗമിക്കവെയാണ് ഇസ്രായേൽ ആക്രമണം. ഈ ചർച്ചയിൽ പങ്കെടുക്കാനായി ഹമാസിന്റെ പ്രമുഖ നേതാക്കളെല്ലാം ദോഹയിലുണ്ടായിരുന്നു. ഇവർ ഉണ്ടായിരുന്ന കെട്ടിടമാണ് ആക്രമണത്തിനിരയായത്.