Trending

മട്ടന്നൂരിൽ പുഴയില്‍ ഒഴുക്കില്‍പ്പെട്ട കുറ്റ്യാടി സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി.


കണ്ണൂർ: മട്ടന്നൂർ വെളിയമ്പ്ര പുഴയില്‍ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുറ്റ്യാടി സ്വദേശി ഇര്‍ഫാന(19)യുടെ മൃതദേഹമാണ് തിങ്കളാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് 4 ഓടെയാണ് ഏളന്നൂരില്‍ കുളിക്കാനിറങ്ങിയ ഇര്‍ഫാന ഒഴുക്കില്‍പ്പെട്ടത്. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് മൂന്നു ദിവസമായി പുഴയില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. 28 കിലോമീറ്ററോളം അകലെ പറശ്ശിനിക്കടവ് ഫ്‌ളോട്ടിങ് റസ്റ്റോറന്റിന് സമീപം പുഴയോരത്താണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് തളിപ്പറമ്പ് പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. മട്ടന്നൂര്‍ പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇര്‍ഫാനയുടെ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. 

ഓണാവധിക്ക് വെളിയമ്പ്രയിലെ മാതാവിന്റെ വീട്ടിലെത്തിയതായിരുന്നു ഇര്‍ഫാന. ബന്ധുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്. ശനിയാഴ്ച ഇര്‍ഫാന ഒഴുക്കില്‍പ്പെടുമ്പോള്‍ പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ തുറന്ന നിലയിലായിരുന്നു. എന്നാൽ തിരച്ചിലിനായി പിന്നീട് രണ്ടുദിവസം ഷട്ടറുകള്‍ അടച്ചെങ്കിലും റിസര്‍വോയറിന്റെ സമീപ പ്രദേശങ്ങളില്‍ വെള്ളമുയര്‍ന്നതോടെ ഞായറാഴ്ച വൈകീട്ട് വീണ്ടും ഷട്ടറുകള്‍ തുറക്കേണ്ടി വന്നു. വളയം നരിക്കോട്ടുംചാലില്‍ കണ്ടോത്ത് വീട്ടില്‍ ഖലീല്‍ റഹ്‌മാൻ സമീറ ദമ്പതികളുടെ ഏക മകളാണ്.

Post a Comment

Previous Post Next Post