Trending

താമരശ്ശേരിയിൽ നാലാം ക്ലാസുകാരി മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം.

കോഴിക്കോട്: താമരശ്ശേരിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരം മൂലമെന്ന് സ്ഥിരീകരണം. കുട്ടി മരിച്ചത് മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാന്‍ കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. സ്രവ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് വ്യക്തമായത്.

കോരങ്ങാട് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി അനയ (9) വ്യാഴാഴ്ച വൈകീട്ടാണ് പനി ബാധിച്ച് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഉച്ചകഴിഞ്ഞ് പനിയും ഛർദ്ദിയും മൂർച്ഛിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

ബുധനാഴ്ച സ്കൂള്‍ വിട്ടുവന്നതിനുശേഷമാണ് അനയക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടത്. വ്യാഴാഴ്ച രാവിലെ താമരശ്ശേരി താലൂക്കാശുപത്രി ഒപിയില്‍ ചികിത്സ തേടി. രക്ത പരിശോധനാ ഫലത്തിനായി കാത്തിരിക്കെ കുട്ടിയുടെ ആരോഗ്യനില മോശമായി വായില്‍ നിന്ന് നുരയും പതയും വന്നു. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

നിപ സംശയത്തെ തുടർന്ന് മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ സ്രവം പരിശോധിച്ചെങ്കിലും നെഗറ്റിവായിരുന്നു. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബ് റിപ്പോര്‍ട്ടിലാണ് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. കുട്ടിയുടെ രണ്ടു സഹോദരങ്ങള്‍ക്കും രണ്ടു സഹപാഠികൾക്കും പനിയുള്ളതിനാല്‍ ഇവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 

അതേസമയം കുട്ടിക്ക് താലൂക്ക് ആശുപത്രിയില്‍ മതിയായ ചികില്‍സ കിട്ടിയില്ലെന്ന ആക്ഷേപവും മാതാപിതാക്കള്‍ ഉന്നയിച്ചിരുന്നു. താമരശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുട്ടി പനി ബാധിച്ചു മരിച്ച പശ്ചാത്തലത്തിൽ പ്രദേശത്തെ വീടുകളിൽ ആരോഗ്യവകുപ്പ് പനി സർവേ നടത്തി.

Post a Comment

Previous Post Next Post