മലപ്പുറം: നിലമ്പൂരിൽ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി സ്വദേശിയായ സതീശനാണ് നിലമ്പൂർ പൊലീസിന്റെ പിടിയിലായത്. ക്ഷേത്രത്തിൽ നിന്ന് ഏകദേശം 25000 രൂപ മോഷണം പോയെന്നാണ് ക്ഷേത്ര ഭാരവാഹികൾ പൊലീസിനെ അറിയിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30ന് മാരിയമ്മൻ ദേവീക്ഷേത്രത്തിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരിയാണ് ഭണ്ഡാരം കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിൻ്റെ വിശദാംശങ്ങൾ പുറത്തുവന്നത്.
ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതി സതീശനെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. മോഷണം പോയ 25,000 രൂപ പ്രതിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
നിലമ്പൂർ ടൗണിനോട് ചേർന്നാണ് മാരിയമ്മൻ ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇത്തരം മോഷണങ്ങൾ തടയാൻ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് ക്ഷേത്ര ഭാരവാഹികൾ. പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിച്ചു.