മലപ്പുറം: മലപ്പുറം നിലമ്പൂരിൽ നവദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ. നിലമ്പൂർ മണലോടി കറുത്തേടത്ത് രാജേഷ്(23), ഭാര്യ അമൃത(19) എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജേഷിനെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലും ഭാര്യ അമൃതയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുടുംബപ്രശ്നത്തെ തുടർന്ന് ഇരുവരും ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. രണ്ടു മാസം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. രാജേഷുമായി അമൃതയുടെ കുടുംബം നല്ല ബന്ധത്തിലായിരുന്നില്ല. ഇരുവരും തമ്മിൽ പലപ്പോഴും തര്‍ക്കമുണ്ടായിരുന്നുവെന്നാണ് അയൽവാസികള്‍ പറയുന്നത്. ഇന്നും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.