മുംബൈ: ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് അല്ലെങ്കില്‍ വോട്ടര്‍ ഐഡി പോലുള്ള രേഖകള്‍ കൈവശം വെക്കുന്നതുകൊണ്ട് മാത്രം ഒരാള്‍ ഇന്ത്യന്‍ പൗരനാകില്ലെന്ന് ബോംബെ ഹൈക്കോടതി. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചുവെന്നാരോപിച്ച് പിടികൂടിയ ബംഗ്ലാദേശില്‍ നിന്നുള്ള ഒരാള്‍ക്ക് ജാമ്യം നിഷേധിച്ചുകൊണ്ടാണ് കോടതിയുടെ ഈ പരാമര്‍ശം.
വ്യാജമായ രേഖകള്‍ ഉപയോഗിച്ച് പത്തു വര്‍ഷത്തിലേറെ ഇന്ത്യയില്‍ താമസിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. പൗരത്വ നിയമത്തിലെ വ്യവസ്ഥകള്‍ ആര്‍ക്കൊക്കെ ഇന്ത്യന്‍ പൗരനാകാമെന്നും പൗരത്വം എങ്ങനെ നേടാമെന്നും വ്യക്തമാക്കുന്നുവെന്നും ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകള്‍ തിരിച്ചറിയല്‍ രേഖക്കോ സേവനങ്ങള്‍ക്കോ മാത്രമാണെന്നും ജസ്റ്റിസ് അമിത് ബോര്‍ക്കറുടെ ബെഞ്ച് പറഞ്ഞു.
സാധുവായ പാസ്പോര്‍ട്ടോ യാത്രാ രേഖകളോ ഇല്ലാതെ ഇന്ത്യയിലെത്തിയ ബംഗ്ലാദേശി പൗരനെന്ന് ആരോപിക്കപ്പെടുന്ന ബാബു അബ്ദുല്‍ റഊഫ് സര്‍ദാറിന് കോടതി ജാമ്യം നിഷേധിച്ചു. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ഇന്ത്യന്‍ പാസ്പോര്‍ട്ട് തുടങ്ങിയയുടെ വ്യാജ പതിപ്പുകള്‍ അദ്ദേഹം സ്വന്തമാക്കിയതായി ആരോപിക്കപ്പെടുന്നു.
1955ല്‍ പാര്‍ലമെന്റ് പൗരത്വ നിയമം പാസാക്കിയിട്ടുണ്ട്. അത് പൗരത്വം നേടുന്നതിനുള്ള സ്ഥിരവും സമ്പൂര്‍ണ്ണവുമായ ഒരു സംവിധാനം സൃഷ്ടിച്ചുവെന്ന് ജാമ്യം നിഷേധിച്ചുകൊണ്ട് ജസ്റ്റിസ് ബോര്‍ക്കര്‍ ചൂണ്ടിക്കാട്ടി. ആർക്കൊക്കെ പൗരനാകാം, എങ്ങനെ പൗരത്വം നേടാം, ഏതൊക്കെ സാഹചര്യങ്ങളിൽ അത് നഷ്ടപ്പെടാം എന്നിവ വ്യക്തമാക്കുന്ന നിയമമാണിതെന്നും അദ്ദേഹം പറഞ്ഞു.