മടവൂർ: മടവൂർ സിഎം മഖാം-നരിക്കുനി റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാവുന്നു. മടവൂർ സിഎം മഖാം സ്ഥാപനങ്ങൾ, മടവൂർ സിഎം സെന്റർ, നരിക്കുനി ബൈത്തുൽ ഇസ്സ, ചക്കാലക്കൽ എച്ച്എസ്എസ് എന്നിവിടങ്ങളിലെക്കുള്ള നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് കെഎസ്ആർടിസി സർവീസുകൾ ഏറെ സഹായകരമാണ്. മാത്രമല്ല കാക്കൂർ, കിഴക്കോത്ത്, നന്മണ്ട, ബാലുശ്ശേരി, നരിക്കുനി, മടവൂർ ഗ്രാമപ്പഞ്ചായത്തുകളിലെ ജനങ്ങൾക്കും സർവീസ് വളരെ സഹായകരമായിരുന്നു. കുന്ദമംഗലം- വെള്ളിമാട്കുന്ന് നിർമ്മല ആശുപത്രി, ജെഡി ടി ഇസ്ലാം വിദ്യഭ്യാസ സ്ഥാപനങ്ങൾ, എൻജിഒ ക്വാട്ടേഴ്സ് മലാപറമ്പ്, ഗവ.വനിത പോളിടെക്നിക്ക്, പ്രോവിഡൻസ് കോളേജ്, ഇഖ്റ ആശുപത്രി, സിവിൽ സ്റ്റേഷൻ, എരഞ്ഞിപ്പാലം, നടക്കാവ് ഭാഗങ്ങളിലേക്ക് പോവേണ്ട യാത്രക്കാർക്കും സർവീസ് ഏറെ സഹായകരമാണ്.
നരിക്കുനി-മടവൂർ ഭാഗത്തുള്ള യാത്രക്കാർ നിലവിൽ കുന്ദമംഗലത്ത് ബസിറങ്ങി സമയ-സാമ്പത്തിക നഷ്ടങ്ങൾ സഹിച്ചാണ് മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ എത്തിപ്പെടുന്നത്. രോഗികളും വൃദ്ധരും വിദ്യാർത്ഥികളും സ്ത്രീകളും ഉദ്യോഗസ്ഥരുമായ യാത്രക്കാർക്ക് കെഎസ്ആർടിസി സർവ്വീസ് ഏറെ ഉപകാരപ്രദമാണ്. സിഎം മഖാം-നരിക്കുനി റൂട്ടിൽ സന്ധ്യക്ക് ശേഷം യാത്രാക്ലേശം രൂക്ഷമാണ്. രാത്രി ഓടേണ്ട സ്വകാര്യ ബസുകൾ ആർടിഒയെ സ്വാധീനിച്ച് ട്രിപ്പുകൾ ഒഴിവാക്കി വരികയാണ്. ഇത് ഹൃസ്വ-ദൂര ദീർഘദൂര യാത്രക്കാരെ വലക്കുകയാണ്. സിഎം മഖാമിൽ വന്ന് സന്ധ്യക്ക് ശേഷം തിരിച്ച് കോഴിക്കോട് -വയനാട്. ഭാഗങ്ങളിലേക്ക് പോവേണ്ട യാത്രക്കാർ ഓട്ടോയെ ആശ്രയിക്കേണ്ട അവസ്ഥയുമാണ്. മാത്രമല്ല രാത്രി 8 മണിക്ക് ശേഷം പാളയം ബസ് സ്റ്റാന്റിൽ നിന്നും നരിക്കുനിയിലേക്ക് ഒരു ബസും ഓടാത്ത അവസ്ഥയുമാണ്. റെയിൽ മാർഗ്ഗമെത്തുന്ന സിഎം മഖാമിലേക്കുള്ള ദീർഘദൂര യാത്രികർ ഇത് മൂലം പ്രയാസത്തിലാണ്.
2004-ൽ സി.മമ്മുട്ടി എംഎൽഎ ആയിരുന്നപ്പോൾ 6 ട്രിപ്പുകളും പിന്നീട് അഡ്വ. പിടിഎ റഹീം, വി.എം ഉമ്മർ മാസ്റ്റർ എന്നിവർ എംഎൽഎ ആയിരുന്നപ്പോൾ 11 ട്രിപ്പുകളും ഉൾപ്പെടെ ആകെ 17 ട്രിപ്പുകൾ ഈ റൂട്ടിൽ നല്ല കളക്ഷനോടെ സർവീസ് നടത്തിയിരുന്നു. 2016ന് ശേഷമാണ് സർവീസ് മുടക്കം പതിവായതും ട്രിപ്പുകൾ ഒന്നൊന്നായി റദ്ദാക്കാൻ തുടങ്ങിയതും. എന്നാൽ, 2019-ലെ കോവിഡ് മഹാമാരിക്ക് ശേഷം ഈ സർവീസുകൾ പൂർണമായും നിർത്തലാക്കി. പിന്നീട് ഒരു ട്രിപ്പ് പോലും പുനരാരംഭിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ചക്കാലക്കൽ എച്ച്എസ്എസ് പിടിഎ കമ്മിറ്റിയും മടവൂർ സിഎം മഖാം കമ്മിറ്റിയും വിവിധ പാസഞ്ചേഴ്സ് അസോസിയേഷനുകളും മടവൂർ മേഖലാ കെഎസ്ആർടിസി ബസ് സംരക്ഷണ സമിതിയും ബസ് പുനരാരംഭിക്കാൻ തീവ്രശ്രമം നടത്തിവരുന്നുണ്ടെങ്കിലും ലക്ഷ്യം കൈവരിക്കാനായിട്ടില്ല. ജില്ലയിലെ മറ്റു പല അപ്രധാന റൂട്ടുകളിലും "ഗ്രാമവണ്ടി" എന്ന പേരിൽ കെഎസ്ആർടിസി സർവീസ് നടത്തുമ്പോഴാണ് ഈ പ്രധാന റൂട്ടിൽ സർവീസ് പുനരാരംഭിക്കാത്തത് മൂലം യാത്രക്കാർ വലയുന്നത്. മടവൂർ സിഎം മഖാം- നരിക്കുനി റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കാൻ അടിയന്തര നടപടി വേണമെന്നാവശ്യം ശക്തമായിട്ടുണ്ട്.