കൊച്ചി: വട്ടിപ്പലിശക്ക് പണം നൽകിയ സ്ത്രീയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ പുഴയില്‍ ചാടി മരിച്ചു. എറണാകുളം കോട്ടുവളളി സ്വദേശിനി ആശ ബെന്നി (42) യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ആശയെ വീട്ടില്‍ നിന്ന് കാണാതായത്. പിന്നാലെ വീടിന് സമീപത്തെ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസിയായ റിട്ട. പൊലീസുകാരന്‍റെ ഭാര്യയില്‍ നിന്ന് ആശ പലിശയ്ക്ക് പണം വാങ്ങിയിരുന്നു. മുതലും പലിശയും തിരിച്ചടച്ചിട്ടും വായ്പ നൽകിയ സ്ത്രീ ഭീഷണി തുടര്‍ന്നുവെന്ന് ആശയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു.
തിങ്കളാഴ്ച ആശ ഇതു സംബന്ധിച്ച് ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. പരാതിക്കു പിന്നാലെ പറവൂര്‍ പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി. ഇതിനു പിന്നാലെ പലിശക്കാരിയും കുടുംബവും രാത്രി വീണ്ടും ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കി. ഇതില്‍ മനം നൊന്താണ് ആശ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറയുന്നു. റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ്, ഭാര്യ ബിന്ദു എന്നിവര്‍ക്കെതിരെ ആശ എഴുതിയ ആത്മഹത്യ കുറിപ്പ് വീട്ടില്‍ നിന്നും ലഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.