കല്ലാച്ചി: വീട്ടുമുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് യുവതി മരിച്ചു. കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാണിമേൽ ചാമ മുക്കിലെ പീടികയുള്ളപറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) യാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. നരിപ്പറ്റ മുള്ളമ്പത്ത് സ്വദേശിയാണ് ഫഹീമ.
ഒന്നര വയസുള്ള കുട്ടിക്ക് ഭക്ഷണം വാരി കൊടുക്കുന്നതിനിടെ വീട്ടുപറമ്പിലെ ഇടിവെട്ടിയ തെങ്ങ് മുറിഞ്ഞ് മരത്തിൽ തട്ടിതെറിച്ച് യുവതിയുടെ ദേഹത്ത് പതിക്കുകയായിരുന്നു. അപകടം സംഭവിച്ച ഉടനെതന്നെ ഫഹീമയെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വളയം- വാണിമേൽ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് വാഹനത്തിനാലാണ് ഫഹീമയെ ആശുപത്രിയിൽ എത്തിച്ചത്. ഖത്തറിലുള്ള ഭർത്താവ് ജംഷീർ അപകട വിവരം അറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു. മുള്ളമ്പത്ത് സ്വദേശി നടുത്തറ പര്യയുടെ മകളാണ് ഫഹീമ.