കോഴിക്കോട്: റോഡിലൂടെ നടന്നു പോവുകയായിരുന്ന വയോധികയുടെ ഒരുപവൻ വരുന്ന സ്വർണമാല സ്കൂട്ടറിലെത്തി പൊട്ടിച്ചശേഷം പിടിക്കപ്പെടാതിരിക്കാൻ മറ്റൊരു ഷർട്ടിട്ട് കടന്നയാൾ പിടിയിൽ. നല്ലളം ഉളിശ്ശേരിക്കുന്ന് നടുവട്ടംപറമ്പ് ആയിഷാസിൽ നവാസ് അലി (39)യെയാണ് ഫറോക്ക് ക്രൈം സ്ക്വാഡും പന്നിയങ്കര പൊലീസും ചേർന്ന് പിടികൂടിയത്. മോഷ്ടിക്കുമ്പോൾ ചുവന്ന ഷർട്ട് ധരിച്ചിരുന്ന ഇയാൾ തൊട്ടപ്പുറത്ത് പോയി കൈയിൽ കരുതിയ മറ്റൊരു ഷർട്ട് എടുത്ത് ധരിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ചുവന്ന ഷർട്ടിട്ടയാളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ പെട്ടെന്ന് രക്ഷപ്പെടാം എന്ന കണക്കുകൂട്ടലിലാണ് ഇയാൾ ഇത്തരത്തിൽ ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 5.30ന് പന്നിയങ്കര വി.കെ. കൃഷ്ണമേനോൻ റോഡിലൂടെ നടന്നു പോവുകയായിരുന്ന പന്നിയങ്കര തിരുനിലംവയൽ സ്വദേശിനി ശീലാവതിയുടെ ഒരുപവൻ വരുന്ന മാലയാണ് പിടിച്ചുപറിച്ചത്. മോഷ്ടിച്ച സ്വർണം വിറ്റുകൊടുക്കാൻ സഹായിച്ച നല്ലളം കണ്ണാരമ്പത്ത് ബാസിത്ത് (36) എന്നയാളെയും പോലീസ് പിടികൂടിയിട്ടുണ്ട്. നവാസ് അലിയെ വ്യാഴാഴ്ച രാവിലെ തിരുത്തിയാട് മെൻസ് ഹോസ്റ്റൽ പരിസരത്ത് വെച്ചാണ് പിടികൂടിയത്. ഉച്ചയോടെ ബാസിത്തിനെയും പിടികൂടി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പന്നിയങ്കര ഇൻസ്പെക്ടർ എസ്. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എസ്‌ഐ പ്രസന്നകുമാർ, എസ്‌സിപിഒമാരായ ദിലീപ്, ശരത്ത് രാജൻ, സിപിഒ പ്രജീഷ് എന്നിവരും ഫറോക്ക് ക്രൈം സ്ക്വാഡ് സംഘവും ചേർന്നായിരുന്നു പ്രതികളെ പിടികൂടിയത്.