Trending

കോഴിക്കോട് നഗരത്തിലെ ഓണത്തിരക്ക്; കുരുക്ക് അഴിക്കാൻ മാസ്റ്റർ പ്ലാൻ വരുന്നു.


കോഴിക്കോട്: നഗരം ഓണത്തിരക്കിൽ, ഗതാഗത ക്രമീകരണത്തിന് പോലീസ് മാസ്റ്റർ പ്ലാൻ തയാറാകുന്നു. ദേശീയപാത നവീകരണം കൂടി കഴിഞ്ഞതോടെ നഗരത്തിലേക്കുള്ള വാഹനങ്ങളുടെ ഒഴുക്ക് വർദ്ധിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ പത്ത് കേന്ദ്രങ്ങളിലാണ് വിവിധ പരിപാടികൾ നടക്കുന്നത്. ഇതും കൂടിയാകുമ്പോൾ നഗരം ഗതാഗത കുരുക്കിലമരുമെന്നാണ് പോലീസ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് കർശ്ശന നടപടികൾ വരുന്നത്.

ദേശീയപാതയിൽ നിന്നു നഗരത്തിൽ എത്താൻ മലാപ്പറമ്പ്, തൊണ്ടയാട്, ചേവരമ്പലം ബൈപാസ് ജംഗ്ഷൻ വഴിയാണ് റോഡ് തുറന്നത്. ഈ മൂന്നു മേഖലകളിൽ നിന്നു തുടങ്ങുന്ന ഗതാഗത നിയന്ത്രണത്തിന്റെ രൂപരേഖയാണു തയ്യാറാകുന്നത്. ട്രാഫിക് നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ എൽ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ 3 ദിവസത്തിനകം മാസ്റ്റർ പ്ലാൻ പൂർത്തിയാകും. തൊണ്ടയാട് ജംഗ്ഷൻ മുതൽ അരയിടത്തുപാലം വരെ രാവിലെ എട്ടു മുതൽ 11 വരെയും വൈകീട്ട് 3.30 മുതൽ ഏഴു വരെയും നിലവിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ്. 

മലപ്പുറം, വയനാട് ഭാഗത്തു നിന്നുള്ള വാഹനവും ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നുള്ളവരും ഇതു വഴിയാണ് നഗരത്തിൽ എത്തുന്നത്. ഈ ഭാഗത്ത് ശാസ്ത്രീയ ഗതാഗത സംവിധാനം ഒരുക്കാനാണ് പോലീസ് ശ്രമം. തൊണ്ടയാട് മുതൽ പറയഞ്ചേരി വരെയുള്ള റോഡിൽ പൊറ്റമ്മൽ ജംഗ്ഷൻ, തൊണ്ടയാട് ടൗൺ എന്നിവ ഒഴികെയുള്ള ഡിവൈഡറുകളിലെ ഇട ഭാഗത്തെ യു ടേൺ സംവിധാനം താൽക്കാലികമായി അടയ്ക്കും.

നിലവിൽ ഈ റോഡിൽ 9 സ്ഥലങ്ങളിൽ യു ടേൺ ഉണ്ട്. ഇവിടെ വാഹനങ്ങൾ തിരിയുന്നതിനായി നിർത്തുന്നതോടെ ഗതാഗതക്കുരുക്ക് രൂപപ്പെടും. നഗരത്തിൽ നിന്നും ദേശീയപാതയിൽ കയറേണ്ട വാഹനങ്ങൾ പറയഞ്ചേരി വഴി പൊറ്റമ്മൽ, തൊണ്ടയാട് എത്തിയോ അല്ലെങ്കിൽ ചേവായൂർ, കോവൂർ, മെഡിക്കൽ കോളേജ് എന്നീ ജംക്‌ഷനിൽ നിന്നോ ജില്ലയുടെ കിഴക്കൻ മേഖലയിലേക്കും മലപ്പുറം, വയനാട് ഭാഗത്തേക്കും യാത്ര തുടരാൻ കഴിയും. 

ഇടഭാഗത്തെ യൂ ടേൺ പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ച അടച്ചിരുന്നു. കാരപ്പറമ്പ്, മലാപ്പറമ്പ്, എരഞ്ഞിപ്പാലം എന്നിവിടങ്ങളിലും പരിഷ്കാരം നടപ്പാക്കും. ഓണാഘോഷ പരിപാടികളുടെ വേദികളുടെ പൂർണരൂപം ലഭിച്ചെങ്കിൽ മാത്രമേ ഓണത്തോട് അനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണം പൂർണമായി നടപ്പാക്കാൻ കഴിയൂ എന്നാണ് പോലീസ് പറയുന്നത്.

നഗരത്തിലെ ഗതാഗത മാറ്റങ്ങൾ
• ഗതാഗതക്കുരുക്ക് വർധിച്ച സാഹചര്യത്തിൽ പോലീസ് ട്രാഫിക് പോയിന്റുകൾ വർദ്ധിപ്പിച്ചു. നഗരത്തിൽ 30 ട്രാഫിക് പോയിന്റുകൾ കൂട്ടിച്ചേർത്തു.

• ഇന്നലെ മുതൽ ഈ ഭാഗത്ത് പോലീസ് നിയന്ത്രണം ഏർപ്പെടുത്തി.

• നിലവിൽ നഗരത്തിൽ 150 പോയിന്റുകളിലാണു ഗതാഗത നിയന്ത്രണം. ഇത് 180 ആയി ഉയർത്തി.

• രാവിലെയും വൈകിട്ടും 230 ട്രാഫിക് പോലീസുകാരാണ് ഗതാഗത നിയന്ത്രണത്തിനുള്ളത്.

• കൂടുതൽ പോലീസ് സേവനം ആവശ്യമാകുമ്പോൾ സിറ്റി പോലീസ് ജില്ലയിലെ 19 പോലീസ് സ്റ്റേഷനിൽ നിന്നുള്ള സേനയുടെ സേവനവും ഉപയോഗിക്കും.

• അരയിടത്തുപാലം കയറാതെ താഴെ സർവീസ് റോഡ് വഴി സ്വകാര്യ ബസുകൾ സർവീസ് നടത്തിയാൽ 7500 രൂപ പിഴ.

• അരയിടത്തുപാലം മാളിനു മുന്നിൽ കാറുകൾ പാർക്ക് ചെയ്താൽ പിഴ 1250 രൂപ.

Post a Comment

Previous Post Next Post