കോഴിക്കോട്: സംസ്ഥാനത്തെ ഹോട്ടൽ ഭക്ഷണത്തിന്റെ വില വർദ്ധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്ന് ഹോട്ടൽ ഉടമകൾ. നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധന മൂലം വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്നും ഹോട്ടൽ ഉടമകൾ പറയുന്നു.
ബിരിയാണി അരിയുടെയും വെളിച്ചണ്ണയുടെയും വില വലിയ രീതിയിലാണ് കൂടുന്നത്. മൂന്ന് നാല് മാസമായി വെളിച്ചെണ്ണ വില 500 രൂപയുടെ അടുത്തെത്തി. എന്നാൽ ഇതുവരെ വില വർദ്ധിപ്പിച്ചിരുന്നില്ലെന്നും ഹോട്ടലുടമകൾ പറയുന്നു. മൂന്ന് രൂപയുടെ പപ്പടം 450 രൂപയുടെ വെളിച്ചെണ്ണയിൽ പൊരിച്ചു കൊടുക്കേണ്ട അവസ്ഥയാണ്. ബിരിയാണി അരിയുടെ വില ഒരുമാസം കൊണ്ട് 155 രൂപയോളം കൂടിയിട്ടുണ്ട്. 96 രൂപയുണ്ടായിരുന്ന കൈമ അരിക്ക് ഇന്ന് മാർക്കറ്റിൽ 225 രൂപ കൊടുക്കണമെന്നും ഇവർ പറയുന്നു.
ഗുണമേന്മയും അളവിലും വിട്ടുവീഴ്ച ചെയ്യാതിരിക്കണമെങ്കിൽ വില കൂട്ടുകയല്ലാതെ നിവൃത്തിയില്ല. സർക്കാറുകളോട് ഇക്കാര്യത്തിൽ നിരവധി തവണ നിവേദനം നൽകിയിരുന്നു. എന്നാൽ വില കൂട്ടരുതെന്ന് മാത്രമാണ് സർക്കാർ പറയുന്നതെന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു.