Trending

തൃശ്ശൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം.


തൃശ്ശൂര്‍: തൃശൂർ കുന്നംകുളത്ത് കാറും ആംബുലന്‍സും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ആംബുലന്‍സിൽ ഉണ്ടായിരുന്ന കണ്ണൂര്‍ സ്വദേശിയായ രോഗി കുഞ്ഞിരാമന്‍ (81), കാര്‍ യാത്രിക കുന്നംകുളം സ്വദേശി പുഷ്പ (52) എന്നിവരാണ് മരിച്ചത്. ആംബുലന്‍സില്‍ രോഗിയും ഡ്രൈവറും ഉള്‍പ്പെടെ ആകെ അഞ്ചുപേരായിരുന്നു ഉണ്ടായിരുന്നത്. കാര്‍ യാത്രക്കാരായിരുന്ന കൂനംമുച്ചി സ്വദേശി ആന്റോയ്ക്കും പരിക്കേറ്റിട്ടുണ്ട്. ആന്റോയുടെ ഭാര്യയാണ് മരിച്ച പുഷ്പ. ഉച്ചയ്ക്ക് 1.30 ഓടെ കുന്നംകുളം കാണിപ്പയ്യൂരില്‍ വെച്ചായിരുന്നു അപകടം.

കുന്നംകുളത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സും തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് റോഡിന് കുറുകേ മറിഞ്ഞു. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാറിന്റെ ഡീസല്‍ ടാങ്ക് തകര്‍ന്ന് ഇന്ധനം റോഡില്‍ പടര്‍ന്നു. ഇതിനൊപ്പം ആംബുലന്‍സിലെ ഓക്‌സിജന്‍ സിലിണ്ടറില്‍ നിന്ന് ഓക്‌സിജനും ചോര്‍ന്നിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി കൂടുതല്‍ അപകടമുണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post