പേരാമ്പ്ര: പേരാമ്പ്ര പന്നിമുക്കിൽ സ്കൂട്ടിയിൽ പിക്കപ്പ് വാഹനമിടിച്ചു അമ്മയ്ക്കും മകൾക്കും പരിക്കേറ്റു. സ്കൂട്ടർ യാത്രികരായ പന്നിമുക്ക് ചെറിയന്റവിട ഷിജിത (46), മകൾ ശ്രീയുക്ത (24) തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇരുവരെയും പേരാമ്പ്രയിലെ ഇഎംഎസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീയുക്തക്ക് കാലിലും, ഷിജിതക്ക് തലയ്ക്കുമാണ് പരിക്കേറ്റത്.
പന്നിമുക്ക് ഓട്ടുവയലിൽ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ചെറുവണ്ണൂർ നിന്നും പന്നിമുക്കിലേക്ക് വരികയായിരുന്ന അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടിയിൽ തിരുവള്ളൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മഹീന്ദ്ര ജീറ്റോ പിക്കപ്പ് വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറടക്കം ഇരുവരും സമീപത്തെ ഓവുചാലിലേക്ക് തെറിച്ചുവീണു.