Trending

കാണാതായിട്ട് രണ്ടുമാസം, ഭാര്യയെപ്പറ്റി വിവരമില്ല; മനോവേദനയിൽ ഭർത്താവ് ജീവനൊടുക്കി.


കായംകുളം: ഭാര്യയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി രണ്ടുമാസമായിട്ടും വിവരമൊന്നും ലഭിക്കാത്തതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങി മരിച്ചു. കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തിൽ വിനോദ് (49) ആണ് മരിച്ചത്. വിനോദിന്റെ ഭാര്യ രഞ്ജിനിയെ (45) കഴിഞ്ഞ ജൂൺ 11 മുതൽ കാണാതാവുകയായിരുന്നു. രാവിലെ പതിനൊന്നിന് ബാങ്കിൽ പോകുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയശേഷം പിന്നീടൊരു വിവരവുമുണ്ടായില്ല.

രഞ്ജിനി സെക്രട്ടറിയായ കുടുംബശ്രീ യൂണിറ്റ് കനറാ ബാങ്കിൽ നിന്നും 1.25 ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. മൂന്നു ലക്ഷത്തോളം രൂപയുടെ ബാധ്യത ഉണ്ടായിരുന്നതായും വീട്ടുകാർ പറയുന്നു. സിസിടിവി പരിശോധിച്ചതിൽ നിന്ന് ഇവർ ബാങ്കിൽ പോയില്ലെന്ന് വ്യക്തമായി. ഓട്ടോറിക്ഷയിൽ കായംകുളത്ത് വന്നിറങ്ങിയ ശേഷം റെയിൽവേ സ്റ്റേഷൻ ഭാഗത്തേയ്ക്ക് നടന്നുപോകുന്ന ദ്യശ്യങ്ങൾ ലഭിച്ചിരുന്നു.

മൊബൈൽ ഫോൺ കയ്യിലില്ലാത്തതിനാൽ ആ വഴിക്ക് അന്വേഷണം നടത്താൻ കഴിയില്ലെന്ന് പൊലീസ് പറയുന്നു. രഞ്ജിനിയെ കാണാതായതോടെ വിനോദ് മാനസികമായി തകർന്നിരുന്നു. ഭാര്യ തിരിച്ച് വരണമെന്നും ബാധ്യതകൾ തീർക്കാമെന്നും കരഞ്ഞ് പറയുന്ന പോസ്റ്റ് വിനോദ് സമൂഹ മാധ്യങ്ങളിൽ ഇട്ടിരുന്നു. വിനോദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ: വിഷ്ണു, ദേവിക.

Post a Comment

Previous Post Next Post