Trending

പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ച് മോഷണം; 100 കി.മീ പരിധിയിൽ സിസിടിവി പരിശോധിച്ച് പ്രതിയെ പിടികൂടി പോലീസ്.


കുന്ദമംഗലം: കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു ബൈക്കുകൾ മോഷണം നടത്തിയ കേസിലെ പ്രതി പോലീസ് പിടിയിൽ. പുതിയങ്ങാടി സ്വദേശി ഷഫീഖ് (36) ആണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ചായിരുന്നു പ്രതി മോഷണം നടത്തിയിരുന്നത്. കുട്ടിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 100 കിലോമീറ്റർ പരിധിയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ജൂലൈ 22ന് ആയിരുന്നു കുന്ദമംഗലം പടനിലം ഭാഗത്ത് നിന്നും, കെട്ടാങ്ങൽ മാവൂർ റോഡിൽ നിന്നും പ്രതികൾ പൾസർ ബൈക്കുകൾ മോഷ്ടിച്ചത്.

പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ചാണ് ഇയാൾ വാഹനങ്ങൾ മോഷ്ടിക്കുന്നതെന്ന് പോലീസ് പറഞ്ഞു. മലപ്പുറം മുണ്ടക്കുളത്തെ വാടക ക്വാട്ടേഴ്സിൽ വാഹനങ്ങളെത്തിച്ച് പൊളിച്ച് വിൽക്കുകയാണ് പ്രതി ചെയ്തിരുന്നത്. ഇയാളുടെ വാടക ക്വാർട്ടേഴ്സിൽ നിന്ന് നിരവധി വാഹനങ്ങളുടെ നമ്പർ പ്ലേറ്റും ബാറ്ററികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഷഫീഖിനെതിരെ വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന്, അടിപിടി കേസുകൾ നിലവിലുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ നിരവധി മോഷണ കേസുകളും നിലവിലുണ്ട്.

എസ്ഐ നിതിൻ എ.യുടെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസും കോഴിക്കോട് സിറ്റി പോലീസ് ഡിസിപി അരുൺ കെ. പവിത്രൻ്റെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post