തിരുവനന്തപുരം: രാജ്യം 79ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ സംസ്ഥാനത്തും വിപുലമായ രീതിയിൽ ആഘോഷങ്ങൾ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തി. ഇന്ത്യൻ സാമൂഹ്യ യാഥാർത്ഥ്യങ്ങളെ വിസ്മരിക്കരുതെന്നും ദാരിദ്ര്യം, പട്ടിണിമരണം, ബാലവേല, ജാതി വിവേചനം, മതവിദ്വേഷം ഇല്ലാത്ത, തൊഴിലില്ലായ്മ ഇല്ലാത്ത ഒരു ഇന്ത്യ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ലെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടന മൂല്യങ്ങള്‍ നടപ്പാക്കാനുള്ളതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവിധ ജില്ലകളിൽ മന്ത്രിമാര്‍ പതാക ഉയര്‍ത്തി. കൊല്ലത്ത് മന്ത്രി വി ശിവന്‍കുട്ടിയാണ് ദേശീയപതാക ഉയര്‍ത്തിയത്. ഗവര്‍ണര്‍മാരുടെ നിലപാടുകളെക്കുറിച്ചും അദ്ദേഹം പ്രസംഗത്തിഷ പരാമര്‍ശിച്ചു. ഗവര്‍ണര്‍മാരുടെ നിലപാടുകള്‍ ഭരണസ്തംഭനം ഉണ്ടാക്കുന്നു എന്നായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ പരാമര്‍ശം.
കോട്ടയത്ത് പൊലീസ് ഗ്രൌണ്ടിൽ മന്ത്രി ജെ. ചിഞ്ചുറാണിയാണ് പതാക ഉയര്‍ത്തിയത്. മലപ്പുറത്ത് മന്ത്രി കെ. രാജൻ, ആലപ്പുഴയിൽ മന്ത്രി സജി ചെറിയാൻ, പത്തനംതിട്ടയിൽ മന്ത്രി വീണ ജോര്‍ജും പതാക ഉയര്‍ത്തി പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. കൊച്ചി നാവിക സേന ആസ്ഥാനത്തും വിപുലമായ രീതിയിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് രാവിലെ 9 മണിക്ക് ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. വിവിധ സേനാവിഭാഗങ്ങളുടെ 20 പ്ലറ്റൂണുകൾ പരേഡില്‍ അണിനിരന്നു.