അടിവാരം: താമരശ്ശേരി ചുരത്തില്‍ നിയന്ത്രണംവിട്ട് സുരക്ഷാ ഭിത്തി തകര്‍ത്ത കണ്ടൈനര്‍ ലോറി കൊക്കയില്‍ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചുരമിറങ്ങുന്നതിനിടെയാണ് കണ്ടെയ്നർ ഒന്‍പതാം വളവിന് സമീപം അപകടത്തില്‍പ്പെട്ടത്. സുരക്ഷാ ഭിത്തി തകര്‍ത്ത വാഹനത്തിന്റെ മുന്‍ഭാഗത്തെ ചക്രങ്ങള്‍ രണ്ടും വലിയ താഴ്ചയുള്ള കൊക്കയുടെ ഭാഗത്ത് പുറത്താണുള്ളത്. ലോറിയില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നു, ഇരുവരെയും സുരക്ഷിതമായി പോലീസും യാത്രക്കാരും ചേര്‍ന്ന് പുറത്തിറക്കി.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പാര്‍സല്‍ സാധനങ്ങളുമായി കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോഡ് ഉള്ളതുകൊണ്ട് മാത്രമാണ് വാഹനം പൂര്‍ണമായും കൊക്കയില്‍ പതിക്കാതിരുന്നത്. വലിയ ഗതാഗതക്കുരുക്കില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. ഇതിനിടെ താമരശ്ശേരി ചുരത്തിലും അടിവാരത്തും, ലക്കിടിയിലും നിയന്ത്രണം കര്‍ശ്ശനമാക്കിയിട്ടുണ്ട്. ഒന്‍പതാം വളവ് അപകടം നടന്ന ഭാഗത്ത് ഒരു വരിയായി മാത്രമേ വാഹനങ്ങള്‍ കടന്നു പോകുകയുള്ളൂ. മള്‍ട്ടി ആക്‌സില്‍ വാഹ്നങ്ങള്‍ ചുരം വഴി കടത്തിവിടുന്നില്ല. അടിവാരത്ത് തടഞ്ഞിടുകയാണ്.