Trending

കാസര്‍കോട് തലപ്പാടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചുകയറി 6 മരണം.

കാസര്‍കോട്: കാസര്‍കോട് കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് ഇടിച്ച് അപകടം. ഒരു കുടുംബത്തിലെ നാലുപേരടക്കം ആറുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മുന്നു പേരുടെ നില ഗുരുതരമാണ്. ഓട്ടോയിലേക്കും ബസ് കാത്ത് നിന്നവര്‍ക്കിടയിലേക്കുമാണ് ബസ് ഇടിച്ചുകയറിയത്. ഓട്ടോഡ്രൈവറും, നാലു സ്ത്രീകളും പത്തുവയസുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഓട്ടോ ഡ്രൈവര്‍ ഹൈദറലി, ഓട്ടോയിലുണ്ടായിരുന്ന ഖദീജ, ഹസീന, ആയിശ, പത്തു വയസുകാരി അസ്‌ന, വഴിയാത്രക്കാരിയായ ഒരു സ്ത്രീ എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിലുള്ള ബന്ധുവീട്ടില്‍ പോവുകയായിരുന്നു ഓട്ടോയിലുള്ളവര്‍. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. 

ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെ കേരള അതിർത്തിയായ തലപ്പാടിയിലാണ് അപകടം. അമിത വേഗതയില്‍ മംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കാത്തിരിപ്പ് കേന്ദ്രത്തിലും ഓട്ടോയിലിടിക്കുകയായിരുന്നു. പിന്നീട് രണ്ടു തവണ വട്ടം കറങ്ങിയശേഷം മറ്റൊരു ഓട്ടോയിലും വഴിയാത്രക്കാരെയും ഇടിച്ചു. ബസിന് ഇന്‍ഷൂറന്‍സില്ലെന്ന് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ആരോപിച്ചു. മരണപ്പെട്ടവരെല്ലാം കര്‍ണാടക സ്വദേശികളാണെന്ന് ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി പറഞ്ഞു. ആര്‍ടിഒ ഉദ്യോഗസ്ഥരെത്തി ബസ് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post