കോഴിക്കോട്: കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് തരുവണ സ്വദേശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ ജോലി ചെയ്യുന്ന യുവാവ് നീന്തൽ കുളത്തിൽ കുളിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം എട്ടായി.
45 വയസ്സുള്ള വയനാട് ബത്തേരി സ്വദേശിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മലപ്പുറം സ്വദേശിയായ നാല്‍പ്പത്തൊൻപതുകാരനും ചേളാരി സ്വദേശിയായ പതിനൊന്നുകാരിയും ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും അന്നശ്ശേരി സ്വദേശിയായ മുപ്പത്തിയെട്ടുകാരനും രോഗം ബാധിച്ച് ചികിത്സയിലാണ്.
അതേസമയം രോഗത്തിന്റെ ഉറവിടം കൃത്യമായി മനസ്സിലാക്കാൻ കഴിയാത്തത് ആരോഗ്യ വകുപ്പിന് ആശയങ്കയുണ്ടാക്കുന്നുണ്ട്. കെട്ടിക്കിടക്കുന്ന കുളത്തിലോ പുഴയിലോ കുളിച്ചാലാണ് രോഗം വരാനുള്ള സാധ്യതയുള്ളത്. എന്നാല്‍ ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കിണറിലെ വെള്ളത്തില്‍ മാത്രമാണ് കുളിപ്പിച്ചതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. ചികിത്സയിലുള്ള ചിലര്‍ കുളത്തിലോ പുഴയിലോ കുളിച്ചിട്ടുമില്ല. ഇതോടെ ഉറവിടത്തിന്റെ കാര്യത്തില്‍ കൃത്യമായ ഒരു ഉത്തരം നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളത്.