Trending

വെളിച്ചെണ്ണയും പഞ്ചസാരയും പരിപ്പുമടക്കം 15 ഇനങ്ങൾ; സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ.


തിരുവനന്തപുരം: സര്‍ക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുക. മഞ്ഞ കാർഡ് ഉടമകൾക്കാണ് ഭക്ഷ്യക്കിറ്റ് ലഭിക്കുക. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യമായി ഓണക്കിറ്റ് കിട്ടുമെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും കിട്ടുന്ന സൗജന്യ ഓണക്കിറ്റിൽ തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങളാണുള്ളത്. പഞ്ചസാര ഒരു കിലോഗ്രാം, വെളിച്ചെണ്ണ 0.5 ലിറ്റർ, തുവരപ്പരിപ്പ് 250 ഗ്രാം, ചെറുപയർ പരിപ്പ് 250 ഗ്രാം, വൻപയർ 250 ഗ്രാം, കശുവണ്ടി 50 ഗ്രാം, നെയ്യ് 50 എംഎൽ, തേയില 250 ഗ്രാം, പായസം മിക്സ് 200 ഗ്രാം, സാമ്പാർ പൊടി 100 ഗ്രാം, ശബരി മുളക് 100 ഗ്രാം, മഞ്ഞൾപ്പൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, ഉപ്പ് ഒരു കിലോ എന്നിവയാണ് സാധനങ്ങൾ.

സെപ്റ്റംബർ 4ന് വിതരണം പൂർത്തിയാക്കും. ആറു ലക്ഷത്തിൽ അധികം എഎവൈ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത്. അതേസമയം ഒരു റേഷൻ കാർഡിന് 20 കിലോ അരി വീതം 25 രൂപ നിരക്കിൽ ലഭിക്കുമെന്ന് മന്ത്രി ജി.ആർ അനിൽ വ്യക്തമാക്കി. ബിപിഎൽ-എപിഎൽ കാർഡ് എന്ന വ്യത്യാസം ഇല്ലാതെ ഇത് ലഭിക്കും.

Post a Comment

Previous Post Next Post