Trending

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള തിയതി ഈ മാസം 12 വരെ നീട്ടി.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര്‌ ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനുമുള്ള സമയം ദീർഘിപ്പിച്ചു. പേര്‌ ചേർക്കുന്നതിനുള്ള സമയം ആഗസ്ത് 12 വരെ നീട്ടിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. നേരത്തെ ആഗസ്റ്റ് 7 വരെയായിയിരുന്നു അനുവദിച്ചിരുന്നത്. സമയം ദീർഘിപ്പിക്കണമെന്ന്‌ സിപിഐഎം ഉൾപ്പെടെ വിവിധ രാഷ്‌ട്രീയ പാർടികൾ ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം.

അതേസമയം ബുധൻ വൈകീട്ട്‌ 5 വരെയുള്ള കണക്കനുസരിച്ച്‌ 18,95,464 പേർ കരട്‌ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം പേര്‌ ഉൾപ്പെടുത്താൻ അപേക്ഷിച്ചു. തിരുത്തലിന്‌ 8,523 അപേക്ഷയും വാർഡ്‌ മാറ്റാൻ 86,305 അപേക്ഷയും ലഭിച്ചു. പേര്‌ ഒഴിവാക്കാൻ 1,010 പേർ സ്വന്തമായി അപേക്ഷ നൽകി. 7,513 പേരെ ഇലക്‌ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ (ഇആർഒ) സ്വമേധയ നീക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി നോട്ടീസ്‌ നൽകി. 1,59,818 പേരെ നീക്കം ചെയ്യാൻ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ ഓൺലൈനായി അപേക്ഷ നൽകി. 30ന്‌ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

വോട്ടർ പട്ടികയിൽ പേര്‌ ചേർക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.inൽ ഓൺലൈനായി അപേക്ഷിക്കാം. തുടർന്ന് ഹിയറിംഗിന് ലഭിക്കുന്ന തീയതിയിൽ നേരിട്ട് ഹാജരാകണം. ഓൺലൈൻ മുഖേന അല്ലാതെ നിർദ്ദിഷ്ട ഫോറത്തിൽ ഇലക്‌ഷൻ രജിസ്‌ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാം.

Post a Comment

Previous Post Next Post