കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാട് പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കുറവങ്ങാട് മാവിൻചുവട് പള്ളിക്ക് സമീപം ഹിബ മൻസിലിൽ ഫാത്തിമ (63) ആണ് മരിച്ചത്. മരത്തിന്റെ ശിഖരം ഒടിഞ്ഞ് വൈദ്യുതി ലൈനിൽ വീണാണ് അപകടമുണ്ടായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.20 ഓടെയാണ് അപകടമുണ്ടായത്.
വീടിന് സമീപത്തെ പറമ്പിലെ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീഴുന്ന ശബ്ദംകേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഫാത്തിമ അപകടത്തില്‍പ്പെട്ടത്. മരത്തിന്റെ ശിഖരം ഒടിഞ്ഞ് വൈദ്യുത കമ്പിയുടെ മുകളിലേയ്ക്ക് വീഴുകയും തുടര്‍ന്ന് വൈദ്യുതി കമ്പി പൊട്ടി നിലത്തു വീഴുകയുമായിരുന്നു. ഫാത്തിമ അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍ പിടിച്ചതാണ് ഷോക്കേല്‍ക്കാന്‍ ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഫാത്തിമ ഷോക്കേറ്റ് വീഴുന്നത് കണ്ട നാട്ടുകാര്‍ ഓടിക്കൂടുകയും വടി ഉപയോഗിച്ച് വൈദ്യുതി ലൈനില്‍നിന്ന് വിടുവിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി ഫാത്തിമയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭര്‍ത്താവ്: ബാവോട്ടി. മക്കള്‍: ഫൗമില, ഫാസില, ഫമറു, ഫൗസിദ. സഹോദരങ്ങള്‍: ബഷീര്‍, നിസാര്‍, ഹംസ. മരുമക്കള്‍: നവാസ്, അന്‍സാര്‍, അഫ്‌സല്‍, ഹാഷിം.