Trending

ഗുളികകളില്‍ പൂപ്പലും കറുത്ത പാടുകളും; താമരശ്ശേരിയില്‍ രോഗികള്‍ക്ക് ലഭിച്ചത് കേടായ മരുന്നെന്ന് പരാതി.


താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നും രോഗികള്‍ക്ക് ലഭിച്ചത് ഉപയോഗശൂന്യമായ മരുന്നെന്ന് പരാതി. പൂനൂർ സ്വദേശി പ്രഭാകരനും മകനുമാണ് ആശുപത്രിയില്‍ നിന്നും കേടായ ഗുളികകള്‍ ലഭിച്ചത്. ഗുളികകളില്‍ പൂപ്പലും കറുത്ത പാടുകളും കണ്ടെത്തിയിരുന്നു. എന്നാല്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

വടകരയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരനായ പൂനൂര്‍ സ്വദേശി പ്രഭാകരന്‍ വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ജൂലൈ 10ന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ഡോക്ടര്‍ നല്‍കിയ കുറുപ്പടി പ്രകാരം ആശുപത്രിയിലെ നീതി ലാബില്‍ നിന്ന് ഗുളികളും ലഭിച്ചു. വീട്ടിലെത്തി മരുന്നുകള്‍ തുറന്ന് നോക്കിയപ്പോഴാണ് ഗുളികകളില്‍ കറുത്ത പൂപ്പല്‍ പോലുള്ള വസ്തുക്കള്‍ കാണുന്നത്.

തുടര്‍ന്ന് പിറ്റേദിവസം തന്നെ (ജൂലൈ 11ന്) പ്രഭാകരനും മകനും ആശുപത്രിയില്‍ എത്തുകയും മരുന്ന് മാറ്റി വാങ്ങുകയും ചെയ്തു. അതോടൊപ്പം മകന്റെ അലര്‍ജിക്കുള്ള ചികിത്സയും തേടി. മകന് ലഭിച്ച മരുന്നുകള്‍ രാത്രി കഴിക്കാനായി തുറന്ന് നോക്കിയപ്പോഴാണ് ഉപയോഗശൂന്യമായ വിധം നശിച്ചവയാണെന്ന് മനസ്സിലായത്.

2026 വരെ എക്സ്പിയറിയുള്ള മരുന്നുകളാണ് പ്രഭാകരനും മകനും ലഭിച്ചത്. ഒരു ബാച്ചിലെ മരുന്നുകള്‍ മുഴുവന്‍ നശിച്ചതാണോ എന്ന് പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ ഔദ്യോഗികമായ ഒരു പരാതിയും ഇതുവരെയും ലഭിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വിഷയത്തില്‍ ഡിഎംഒ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് പ്രഭാകരനും കുടുംബവും.

Post a Comment

Previous Post Next Post