കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതായി സേവ് നിമിഷപ്രിയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍. കാരന്തൂര്‍ മര്‍കസിലെത്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു ഇവര്‍. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ കുഞ്ഞഹമ്മദ് കൂരാച്ചുണ്ട്, സജീവ് കുമാര്‍ എന്നിവരാണ് എത്തിയത്.
കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ കുടുംബത്തിന് ദിയാധനം എത്രയാണെങ്കിലും കൊടുക്കാന്‍ തയ്യാറാണ്. ഇതുവരെയുള്ള ചര്‍ച്ചകള്‍ പോസിറ്റീവാണ്. ചര്‍ച്ചകളില്‍ മര്‍ക്കസ് വഹിച്ചത് സുപ്രധാന പങ്കാണ്. എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലോടെയാണ് തലാലിന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ സാധിച്ചത്. കാന്തപുരത്തിന് നന്ദി പറയാനാണ് മര്‍ക്കസ്സിലെത്തിയത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് കമന്റുകളും വാര്‍ത്തകളും നമ്മള്‍ അറിയുന്നതിനേക്കാള്‍ വേഗതയില്‍ അവിടെ എത്തുന്നുണ്ട്. വളരെ സൂക്ഷ്മതയോടെ മുന്നോട്ടു പോകണം. വിഷയം വൈകാരികമായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകില്ല.
എന്നാല്‍ വധശിക്ഷ നീട്ടിവെച്ചത് എത്രകാലത്തേക്ക് എന്നതിലെ വ്യക്തതക്കുറവില്‍ ആശങ്കയുണ്ട്. എപ്പോള്‍ വേണമെങ്കിലും ശിക്ഷ നടപ്പിലാക്കാം എന്നതാണ് ആശങ്ക. തങ്ങള്‍ക്ക് ഇടപെടാന്‍ ആകാത്തതു കൊണ്ടാണ് അഭിഭാഷകനായ സാമുവല്‍ ജെറോമിനെ ആശ്രയിച്ചത്. എന്നാല്‍, അദ്ദേഹത്തിന്റെ ഇടപെടല്‍ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.