Trending

കളിച്ചുകൊണ്ടിരിക്കെ കയ്യിൽ ചുറ്റിയ മൂർഖൻ പാമ്പിനെ കടിച്ചു കൊന്ന് രണ്ടു വയസ്സുകാരൻ.


പാട്ന: വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെ കൈയിൽ ചുറ്റിയ മൂർഖൻ പാമ്പിനെ കടിച്ചുകൊന്ന് രണ്ടു വയസ്സുകാരൻ. പാമ്പ് ചത്തതിന് പിന്നാലെ കുട്ടി ബോധം കെട്ടുവീണു. ബിഹാറിലെ പശ്ചിമ ചമ്പാരന്‍ ജില്ലയിലെ ബേട്ടിയ ഗ്രാമത്തിലാണ് സംഭവം. ഗോവിന്ദ്കുമാർ എന്ന കുരുന്നാണ് മൂര്‍ഖന്‍ പാമ്പിനെ കടിച്ചുകൊന്നത്. ബോധരഹിതനായ കുട്ടിയെ വീട്ടുകാര്‍ ഉടൻ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

വെള്ളിയാഴ്ച വൈകുന്നേരമാണ് കുട്ടി മൂര്‍ഖനെ കടിച്ച് കൊന്നതെന്നും പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് ദുവകാന്ത് മിശ്ര പറയുന്നു. വീടിനടുത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കുട്ടിയുടെ കയ്യിൽ മൂര്‍ഖൻ പാമ്പ് ചുറ്റുകയും കുഞ്ഞ് പാമ്പിനെ കടിക്കുകയുമായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ മുത്തശ്ശി നടുങ്ങി നിന്നു. ഈ നേരം കൊണ്ട് കുട്ടി പാമ്പിനെ കടിച്ച് കൊന്നിരുന്നു. പാമ്പ് ചത്തതിന് പിന്നാലെ കുട്ടിയും ബോധം കെട്ടു വീണു. വീട്ടുകാര്‍ വാരിയെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കളിപ്പാട്ടമെന്ന് തെറ്റിദ്ധരിച്ച് കുട്ടി പാമ്പിനെ പിടിച്ചതാവാം എന്നാണ് കരുതുന്നത്. 

കുട്ടിയുടെ ഉള്ളിലേക്ക് വിഷാംശം എത്തിയിട്ടുണ്ടോയെന്ന് വിശദമായി പരിശോധിച്ചു വരികയാണ്. കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടടി നീളമുള്ള പാമ്പിനെയാണ് കുട്ടി കടിച്ച് കൊന്നത്. കുട്ടിയുടെ കടിയേറ്റ് പാമ്പ് രണ്ട് കഷ്ണമാകുകയും ചെയ്തു. കെടും വിഷമമുള്ളയിനം പാമ്പാണ് മൂര്‍ഖന്‍. കടിയേറ്റാല്‍ ഒരുപക്ഷേ മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

Post a Comment

Previous Post Next Post