Trending

പോകേണ്ടെന്ന് പറഞ്ഞതാണ്; അത്രയ്ക്ക് ഇഷ്ടമായിരുന്നു അവള്‍ക്ക് അവനെ’; നെഞ്ചുപൊട്ടി ഷിംനയുടെ അച്ഛന്‍.


കോഴിക്കോട്: മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവിന്‍റെ മദ്യപാനവും ക്രൂരമായ മദ്യപാനവും മകളെ മാനസികവും ശാരീരികവുമായി തളര്‍ത്തിയിരുന്നുവെന്ന് മരണപ്പെട്ട ഷിംനയുടെ പിതാവ്. മുപ്പത്തിയൊന്നുകാരിയായ ഷിംനയുടേത് പ്രണയ വിവാഹമായിരുന്നു . 10 വർഷം മുൻപായിരുന്നു ഗോതീശ്വരം സ്വദേശി ഷിംനയും മാറാട് സ്വദേശി പ്രശാന്തും തമ്മിലുള്ള വിവാഹം. ഇരുവർക്കും എട്ടു വയസ്സുള്ള ഒരു പെൺകുട്ടിയുമുണ്ട്. കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ഷിംനയെ കണ്ടെത്തിയത്. 

ഭര്‍ത്താവ് പ്രശാന്ത് പതിവായി ഷിംനയെ ഉപദ്രവിച്ചിരുന്നുവെന്നും പണം ചോദിച്ച് വീട്ടിലേക്ക് നിരന്തരം അയച്ചിരുന്നുവെന്നും ഷിംനയുടെ പിതാവ് രാമനാഥൻ പറയുന്നു. ‘മദ്യപിച്ചാലും ഇല്ലെങ്കിലും അവന് ഭയങ്കര ദേഷ്യമാ. അതെല്ലാം മകളോട് തീര്‍ക്കും. ഞങ്ങള്‍ പലപ്രാവശ്യം മോളോട് തിരിച്ചുവരാന്‍ പറഞ്ഞതാണ്. അവളതൊന്നും കേട്ടില്ല. എല്ലാം ശരിയായിക്കോളും എന്നുപറഞ്ഞ് അവിടെ പിടിച്ചുനിന്നു’ എന്നും പറഞ്ഞ് ഷിംനയുടെ പിതാവ് വിതുമ്പി കരഞ്ഞു. ‘അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്. ഒരു വര്‍ഷം മുന്‍പ് ഒരു ദിവസം രാത്രി ഷിംന വിളിച്ചു. വീട്ടില്‍ വഴക്കാണെന്ന് പറഞ്ഞ്. ബന്ധുവിനെയും കൂട്ടി അവിടെ ചെന്നപ്പോൾ കാണുന്നത് ബാഗുമെടുത്ത് രാത്രി പതിനൊന്നരയ്ക്ക് വീടിനു പുറത്ത് നില്‍ക്കുന്ന മകളെയാണ്. അന്ന് അവളെ കൂട്ടിക്കൊണ്ടുവന്ന് എട്ടുമാസത്തോളം വീട്ടില്‍ നിര്‍ത്തിയെന്നും പിതാവ് രാമനാഥൻ പറഞ്ഞു.

ഇതിനിടെ പ്രശാന്ത് ഫോണില്‍ വിളിച്ച് അവളെ വശീകരിക്കാന്‍ തുടങ്ങി. ഇനി തിരിച്ച് അങ്ങോട്ടേക്ക് പോകേണ്ടെന്ന് ബന്ധുക്കളെല്ലാം കൂടിയിരുന്ന് സംസാരിച്ച് തീരുമാനമെടുത്തതാണ്. അവനെ ഒഴിവാക്കാം എന്നായിരുന്നു പറഞ്ഞത്. പക്ഷേ അവന്‍ അവളെ കൊണ്ടുപോയി. എന്നിട്ട് സ്ഥിരം പണം ചോദിച്ച് വീട്ടിലേക്ക് വിടും. ഷിംന അവളുടെ അമ്മയോടാണ് പണം ചോദിച്ചിരുന്നത്. അയ്യായിരം, പത്തായിരം എന്നിങ്ങനെ പലപ്പോഴായി പണം അവന് വാങ്ങിക്കൊടുക്കും. അവസാനം അമ്മയുടെ കാതില്‍ കിടന്ന കമ്മലുവരെ ചോദിച്ചു. അവന് പലയിടത്തും കടമുണ്ടെന്നും വണ്ടി പണയം വച്ചിരിക്കുകയാണെന്നും ഷിംനയുടെ പിതാവ് കൂട്ടിച്ചേർത്തു.

മകളെ ഉപ്രദ്രവിക്കുന്നതിന് സാക്ഷികളുണ്ട്. അവളുടെ മാമനും അയല്‍ക്കാരും തുടങ്ങി കുഞ്ഞിനോട് ചോദിച്ചാല്‍ പോലും പറയും. പക്ഷേ അവനോടുള്ള ഇഷ്ടം കൊണ്ട് അവളെല്ലാം സഹിച്ചു. സംഭവ ദിവസവും അവിടെ ഭയങ്കര അടി നടന്നിട്ടുണ്ട്. എന്തൊക്കെ നടന്നാലും പ്രശാന്തിന്‍റെ അനിയന്മാരും അച്ഛനും തിരിഞ്ഞുനോക്കില്ല. അമ്മ മാത്രമാണ് പിന്നെയും എന്തെങ്കിലുമൊക്കെ പറയുന്നത്. പ്രശാന്തിന് അര്‍ഹമായ ശിക്ഷ ലഭിക്കണം. അവന്‍ അനുഭവിക്കണം’ എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ആ പിതാവ് പറഞ്ഞു.

Post a Comment

Previous Post Next Post