Trending

പകൽവീട് ഉണരുന്നു..!; വയോജനങ്ങൾക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കുന്ന പകൽവീട് നരിക്കുനിയിൽ വീണ്ടും തുറക്കുന്നു.


നരിക്കുനി: വയോജനങ്ങൾ എത്തുന്നത് കുറഞ്ഞതിനെ തുടർന്ന് ഗ്രാമപ്പഞ്ചായത്ത് പൂട്ടിയ നെല്യേരിത്താഴത്തെ പകൽവീട് വീണ്ടും തുറക്കുന്നു. അതിനുള്ള നടപടികൾ ആരംഭിച്ചതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ സുനിൽകുമാർ തേനാറുകണ്ടി അറിയിച്ചു. പകൽ സമയങ്ങളിൽ വീടുകളിൽ തനിച്ചായിപ്പോകുന്ന വയോജനങ്ങൾക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കുന്ന സർക്കാർ പദ്ധതിയാണ് പകൽവീട്. ജീവിത സായാഹ്നത്തിൽ സമപ്രായക്കാരോടൊപ്പം ജീവിതം ഉല്ലാസകരമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

തുടങ്ങിയത് 2017-ൽ നെല്യേരിത്താഴത്ത് മൃഗാശുപത്രിക്കു സമീപം പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് 2017-ൽ കാരാട്ട്‌ റസാഖ് എംഎൽഎയാണ് പകൽവീട് ഉദ്ഘാടനം ചെയ്തത്. കളിക്കാൻ കാരംസ് ബോർഡും വിനോദത്തിനായി ടിവിയും പത്രവും വിശ്രമിക്കാൻ കട്ടിലും പ്രാഥമിക ആവശ്യങ്ങൾക്കുമുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു. നരിക്കുനി സഹകരണ ബാങ്കാണ് ടി.വി. സ്പോൺസർ ചെയ്തിരിക്കുന്നത്. ഉദ്ഘാടനം നടന്ന് ആദ്യഘട്ടത്തിൽ പകൽവീട് പ്രവർത്തിച്ചിരുന്നെങ്കിലും കോവിഡിനെ തുടർന്ന് എല്ലാം പൂട്ടുകയായിരുന്നു.

കൊറോണയ്ക്കു ശേഷം തുടർന്ന് അധികാരത്തിലെത്തിയ ഭരണസമിതി പകൽവീട് മൂന്നുമാസം തുറന്നു വെച്ചെങ്കിലും വയോജനങ്ങളിൽ നിന്ന്‌ വേണ്ടത്ര പ്രതികരണമുണ്ടായില്ല. കെയർടേക്കറായി ഒരാളെ നിയമിക്കേണ്ടിവരുന്നത് മൂലമുള്ള സാമ്പത്തിക ബാധ്യത പഞ്ചായത്തിനുമേൽ വന്നുചേർന്നതോടെ അടച്ചിടാൻ നിർബന്ധിതരായി.

Post a Comment

Previous Post Next Post