Trending

കണ്ണൂരിൽ കുഞ്ഞുമായി യുവതി പുഴയിൽ ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി, വാട്സാപ്പ് സന്ദേശം പുറത്ത്.


കണ്ണൂര്‍: പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവതിയ്ക്ക് ദാരുണാന്ത്യം. മകനെയും എടുത്തായിരുന്നു യുവതി ചാടിയത്. കുഞ്ഞിന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീമാണ് മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടുകൂടിയാണ് സംഭവം. വെങ്ങര നടക്കുതാഴെ സ്വദേശിനി എം.വി റീമയും(30) മൂന്ന് വയസുള്ള മകനുമാണ് പുഴയിലേക്ക് ചാടിയത്.

ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതി. പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും പുഴയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. പഴയങ്ങാടി പൊലീസും, പരിയാരം പൊലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. സ്വന്തം വീട്ടില്‍ നിന്നാണ് ഇന്നലെ അർദ്ധരാത്രിയോടെ ഇരുചക്രവാഹനത്തിൽ കുട്ടിയുമായി വന്ന് യുവതി പുഴയിലേക്ക് ചാടിയത്. പിണങ്ങി കഴിയുന്ന റീമയോട് ഇരിണാവ് സ്വദേശിയായ ഭര്‍ത്താവ് കമല്‍രാജ് കുട്ടിയെ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ചര്‍ച്ച നടക്കാന്‍ ഇരിക്കുകയാണ് യുവതി കുട്ടിയുമായി ചേര്‍ന്ന് പുഴയിലേക്ക് ചാടിയത്.

അതേസമയം യുവതിയുടെ വാട്‌സ്ആപ്പ് സന്ദേശം പുറത്ത്. മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാവുമെന്ന കുറിപ്പാണ് പുറത്ത് വന്നത്. ആത്മഹത്യ ചെയ്ത റീമയുടെ വാട്‌സ്ആപ്പില്‍ നിന്നാണ് ഇക്കാര്യം കണ്ടെത്തിയത്. പൊലീസും ഈ സന്ദേശം പരിശോധിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം 6.02നാണ് സന്ദേശം അയച്ചിരിക്കുന്നത്. സ്വന്തം വാട്‌സ്ആപ്പിലേക്ക് തന്നെയാണ് സന്ദേശം അയച്ചതായി കാണുന്നത്.

Post a Comment

Previous Post Next Post