കട്ടിപ്പാറ: കട്ടിപ്പാറയില്‍ മണ്ണിടിച്ചിൽ. കട്ടിപ്പാറ പഞ്ചായത്തിലെ മണ്ണാത്തിയേറ്റ് മലയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. അസാധാരണമായ മലവെള്ളപ്പാച്ചിൽ ശ്രദ്ധയിൽപ്പെട്ടതോയാണ് മണ്ണിടിച്ചിലുണ്ടായെന്ന് തിരിച്ചറിയുന്നത്. താഴ്‌വാരത്ത് താമസിക്കുന്ന കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. രാവിലെ മുതല്‍ പ്രദേശത്ത് കനത്തമഴ തുടരുകയാണ്.
താഴ്‌വാരത്തെ 17 വീടുകള്‍ക്ക് മലയിടിച്ചില്‍ ഭീഷണിയാണെന്ന ആശങ്കയാണ് ഉയരുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ ഇനിയും മലയിടിയാനുള്ള സാധ്യതയുണ്ട്. താമരശ്ശേരി തഹസില്‍ദാര്‍, പോലീസ്, ഫയർഫോഴ്സ്, ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി യോഗം ചേർന്നു കൂടുതൽ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. അടുത്തുള്ള സ്‌കൂളിലേക്ക് മാറ്റാനാണ് തീരുമാനം. 2018ലും ഇതേ മലയുടെ മറ്റൊരു ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.