ഉള്ളിയേരി: വീട്ടിലെ ടെറസിന് മുകളില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മാമ്പൊയില്‍ പിലാഞ്ഞോളി ഒ.സി അസ്മ (42) ആണ് മരിച്ചത്. അസ്മ തൊഴിലുറപ്പ് തൊഴിലാളിയാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഊൺ കഴിക്കാനായി വീട്ടിലെത്തിയ യുവതി വീടിൻ്റെ രണ്ടാം നിലയിൽ ഉണക്കാനിട്ട വസ്ത്രം എടുക്കാൻ പോയപ്പോഴായിരുന്നു അപകടം.
കൈവരിയിലാത്ത ഗോവണിയുടെ മുകളിൽ നിന്നും താഴേക്ക് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റ യുവതിയെ ഉടൻ ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
മുസ്ലിം വനിത ലീഗ് മാമ്പൊയില്‍ ശാഖ പ്രസിഡണ്ടായിരുന്നു അസ്മ. ഉള്ളിയരിയിലെ ലീഗ് നേതാവായിരുന്ന പരേതനായ ഒ.സി മുഹമ്മദ് കോയ ഹാജിയുടെ മകളാണ്. ഭർത്താവ്: നൊരമ്പാട്ട് കബീർ. സഹോദരങ്ങള്‍: ഒ.സി റഷീദ്, ഒ.സി അഷ്റഫ്, ഒ.സി മുനീർ. മയ്യിത്ത് നിസ്കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകീട്ട് 4.15ഓടെ ഉള്ളിയേരി ജുമാ മസ്ജിദില്‍.