തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചത്. 140 കിലോമീറ്റർ മുകളിലുള്ള പെർമിറ്റിന്റെ കാര്യത്തിൽ നിയമ സാഹചര്യങ്ങൾ നോക്കി തീരുമാനമെടുക്കാം എന്നും വിദ്യാർത്ഥികളുടെ യാത്രാ നിരക്കിൻ്റെ കാര്യത്തിൽ ചർച്ചയിലൂടെ സമവായത്തിലെത്താം എന്നുമുള്ള മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമര പിൻമാറ്റം.
സംയുക്ത സമര സമിതിയായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധനവിലും പെർമിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടർന്നായിരുന്നു പണിമുടക്ക്. ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം ബസ് ഉടമകളുമായി ചർച്ച നടത്തിയെങ്കിലും ധാരണയാകാത്തതിനെ തുടർന്ന് സമരം പ്രഖ്യാപിക്കുകയായിരുന്നു. ചർച്ചക്ക് പിന്നാലെ ബസ് ഓപറേറ്റേഴ്സ് ഫോറം പണിമുടക്കില്‍ നിന്നു പിന്‍മാറിയിരുന്നു. എന്നാല്‍ മറ്റ് സംഘടനകള്‍ പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.
140 കി.മി അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കുക, ഇചലാന്‍ വഴി അമിതപിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 8ന് സ്വകാര്യ ബസുകൾ സൂചനാ സമരം നടത്തിയിരുന്നു.