അത്തോളി: പ്ലസ്‌വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് സീനിയർ വിദ്യാർത്ഥികൾ. അത്തോളി ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥിയായ മുഹമ്മദ് അമീനാണ് മർദ്ദനമേറ്റത്. പാട്ട് പാടാനും ഡാൻസ് ചെയ്യാനും സീനിയർ വിദ്യാർത്ഥികൾ അമീനെ നിർബന്ധിച്ചു. പാടാൻ അറിയില്ലെന്ന് അമീൻ പറഞ്ഞതോടെയാണ് മർദ്ദനം തുടങ്ങിയത്.
വിദ്യാർത്ഥിയെ അടിച്ചുവീഴ്ത്തിയ സംഘം ചവിട്ടി പരുക്കേൽപ്പിച്ചതായാണ് ആരോപണം. ഒരാഴ്ച മുമ്പാണ് മുഹമ്മദ് അമീൻ സ്കൂളിൽ അഡ്മിഷനെടുത്തത്. റാഗിങ്ങിനിടെ ഇടവഴിയിൽ വച്ചായിരുന്നു മർദ്ദനമെന്ന് രക്ഷിതാക്കൾ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. പരുക്കേറ്റ മുഹമ്മദ് അമീൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.