ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് കർഷകൻ മരിച്ചു; യുവാവ് കസ്റ്റഡിയിൽ


ആലപ്പുഴ: ആലപ്പുഴ താമരക്കുളത്ത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. താമരക്കുളം കിഴക്കേമുറി പുതച്ചൽ പ്രസന്നഭവനത്തിൽ ശിവൻകുട്ടി കെ. പിള്ള (63) ആണ് ദാരുണമായി മരിച്ചത്. സംഭവത്തിൽ പുത്തൻപുരക്കൽ 9-ാം വാർഡ് ചരുവിളയിൽ കോൺഗ്രസ് പ്രവർത്തകനായ ജോൺസനെ നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 7.30ഓടെ കൊടുവുവെട്ടലിലായിരുന്നു അപകടം. സ്വന്തം കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെ മറ്റൊരാളുടെ കൃഷിസ്ഥലത്ത് സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ് ബോധരഹിതനായ അവസ്ഥയിലാണ് ശിവൻകുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംസ്ഥാനത്ത് ഈ വർഷം നാലുപേരാണ് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. നാളുകൾക്ക് മുൻപാണ് വഴിക്കടവിൽ പത്താംക്ലാസ് വിദ്യാർത്ഥി അനന്തു മരിച്ചത്. ജനുവരിയിൽ മണ്ണാർക്കാട്ട് കുളത്തിൽ വീണ് മരിച്ച വൃദ്ധന് ഷോക്കേറ്റതാണെന്ന് പിന്നീട് തെളിഞ്ഞു. പരുത്തിപ്ര സ്വദേശി കുഞ്ഞനാണ് അന്ന് മരിച്ചത്. ജനുവരിയിൽ ശാസ്താംകോട്ടയിൽ കർഷകത്തൊഴിലാളിയായ അമ്പലത്തും ഭാഗം പിറയിൽ വീട്ടിൽ സോമനും ഷോക്കേറ്റ് മരിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ പാലക്കാട് കഞ്ചിക്കോട് സ്വദേശി മോഹനനും മകൾ അനീഷയും മരിച്ചതും പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ്.

Post a Comment

Previous Post Next Post