കോഴിക്കോട്: പറയഞ്ചേരിയിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസില്‍ കൊയിലാണ്ടി സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. കാരയാട് കുന്നത്ത് വീട്ടിൽ അമൽ (22) നെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റു ചെയ്തത്. ജനുവരി 3ന് പറയഞ്ചേരി ഹാദി ഹോംസ് എന്ന ഫ്ലാറ്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന വയനാട് സ്വദേശി ഡെറിക് എബ്രഹാമിന്റെ പേരിലുള്ള ബജാജ് പൾസർ ബൈക്ക് പ്രതി മോഷ്ടിച്ചു കൊണ്ടുപോകുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതിയെകുറിച്ചു മനസ്സിലാക്കുകയും അന്വേഷണസംഘം പ്രതിയെ പേരാമ്പ്രയിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മേപ്പയ്യൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയ്ക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ താനൂർ, കൊടുവള്ളി, മേപ്പയ്യൂർ, ബാലുശ്ശേരി, പെരുവണ്ണാമുഴി തുടങ്ങി വിവിധ സ്റ്റേഷനുകളിലായി വാഹനമോഷണത്തിനും, വാഹനങ്ങളിലെ ബാറ്ററി മോഷണം നടത്തിയതിനും, വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച മയക്കുമരുന്നുമായി പിടിയിലായതിനും, പൊതുജനശല്യത്തിനും മറ്റുമായി നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. മെഡിക്കൽ കോളേജ് അസിസ്റ്റന്റെ് കമ്മിഷണർ ഉമേഷിന്റെ ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.സിപിഒമാരായ ബഷീർ, വിഷ്ലാൽ എന്നിവരും മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സബ്.ഇൻസ്പെക്ടർ അരുണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.