കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ തെങ്ങുകള്‍ക്ക് വ്യാപകമായി മഞ്ഞളിപ്പ് രോഗം ബാധിക്കുന്നതായി പരാതി. ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയായ കൂടരഞ്ഞി പഞ്ചായത്തിലാണ് പ്രധാനമായും തെങ്ങുകളില്‍ മഞ്ഞളിപ്പ് രോഗം കണ്ടെത്തിയത്. പഞ്ചായത്തിലെ കൂമ്പാറ, ആനക്കല്ലുംപാറ, ഉദയഗിരി, മഞ്ഞക്കടവ് തുടങ്ങിയ പ്രദേശങ്ങളിലായി നൂറുകണക്കിന് തെങ്ങുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.
രോഗബാധയ്ക്കെതിരെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും നടിപടിയുണ്ടായില്ലെന്നാണ് കര്‍ഷകർ പറയുന്നത്. ഇനിയും ഉചിതമായ നടപടിയുണ്ടായില്ലെങ്കില്‍ പ്രക്ഷോഭത്തിനിറങ്ങാൻ ഒരുങ്ങുകയാണ് കേര കര്‍ഷകര്‍. ചെങ്ങളം തകിടിയില്‍ ബാബു, കുര്യാക്കാട്ടില്‍ ടോമി, പാറമ്പുഴ സിജി, പാലാക്കത്തടത്തില്‍ വിത്സണ്‍, പൈകാട്ട് ജോളി, കുളത്തിങ്കല്‍ ബോബി തുടങ്ങിയവരുടെ നിരവധി തെങ്ങുകള്‍ മഞ്ഞളിപ്പ് കാരണം നശിച്ചു.
ഓലകള്‍ക്ക് ചെറിയ മഞ്ഞനിറം വരികയും കുലകള്‍ ശോഷിച്ച് താഴുകയും ചെയ്യുന്നതാണ് മഞ്ഞളിപ്പ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍. നാളികേരത്തിന് നല്ല വില ലഭിക്കുന്ന സമയത്ത് ഈ രോഗം കാരണം ആവിശ്യത്തിന് വിളവ് ലഭിക്കാതെ പ്രദേശത്തെ ഒരുപാട് കര്‍ഷകര്‍ ദുരിതത്തിലാണെന്ന് കൂമ്പാറ ആനക്കല്ലുംപാറയിലെ കര്‍ഷകനായ ചെങ്ങളം തകിടിയില്‍ ബാബു പറഞ്ഞു. വിഷയത്തില്‍ അധികൃതരുടെ ഉചിതമായ നടപടി ഉടന്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.