Trending

പാലക്കാട് ഒൻപതാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവം; സ്കൂളിനെതിരെ നാട്ടുകാരുടെ പ്രതിഷേധം


പാലക്കാട്: പാലക്കാട് നാട്ടുകല്ലിൽ ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്തതിൽ സ്കൂളിനെതിരെ ആരോപണവുമായി ബന്ധുക്കൾ. ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക്ക് സ്കൂളിലെ വിദ്യാർത്ഥിയാണ് മരിച്ചത്. ചോളോട് സ്വദേശിനിയായ ആശീർ നന്ദയെ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതേതുടർന്ന് നിരവധി രക്ഷിതാക്കൾ സമാനമായ അനുഭവങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. 

നാട്ടുകാരും ബന്ധുക്കളും ചേർന്ന് വലിയ പ്രതിഷേധമാണ് സ്കൂളിനെതിരെ നടത്തുന്നത്. ആശിർ നന്ദയുടെ മരണത്തെ തുടർന്ന് പ്രധാന അധ്യാപിക ഉൾപ്പടെയുള്ളവരെ മാറ്റാതെ പ്രതിഷേധത്തിൽ നിന്ന് പിന്മാറുകയില്ലെന്നും നാട്ടുകാർ പറയുന്നു. ആരോപണ വിധേയരായ അധ്യാപകർക്കെതിരെ നടപടി എടുക്കാമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. എന്നാൽ നടപടി രേഖാമൂലം ലഭിച്ചാൽ മാത്രം പ്രതിഷേധം അവസാനിപ്പിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. രക്ഷിതാക്കളും വിദ്യാർത്ഥി സംഘടനകളും നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് പ്രശ്നപരിഹാരത്തിന് വീണ്ടും യോഗം ചേരും.

അതേസമയം സംഭവത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു. ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥർ സ്കൂളിലെത്തി തെളിവെടുത്തു. സ്കൂളിൽ ഒരു പീഡനവും നടന്നിട്ടില്ലെന്നാണ് പ്രിൻസിപ്പൽ നൽകുന്ന വിശദീകരണം. വിദ്യാർത്ഥിനിക്ക് കണക്ക് പരീക്ഷയിൽ മാർക്ക് കുറവായതിനാൽ മറ്റൊരു ക്ലാസ്സിലേക്ക് മാറ്റിയിരുന്നു. അത് സത്യമാണെന്നും സ്കൂൾ മാനേജ്‌മന്റ് വ്യക്തമാക്കുന്നുണ്ട്.

Post a Comment

Previous Post Next Post