ഉള്ള്യേരി: ഉള്ള്യേരിയില്‍ മദ്ധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി എരമംഗലം സ്വദേശി ആലുള്ളതില്‍ ലോഹിതാക്ഷൻ (55) ആണ് മരിച്ചത്. ഇന്നലെ രാത്രി മാമ്പൊയിലിലുള്ള വിവാഹ സല്‍ക്കാരവീട്ടില്‍ പോയി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഇതിനിടെ ഇന്ന് രാവിലെയാണ് നാട്ടുകാര്‍ പഞ്ചായത്ത് ഗ്രൗണ്ടിനടുത്തുള്ള മാമ്പൊയിൽ മാതാംതോട്ടിൽ മൃതദേഹം കാണുന്നത്.
തോട്ടിലെ ചെളിയിലും വെള്ളത്തിലും മുഖം ആഴ്ന്ന നിലയിലായിരുന്നു, മൃതദേഹം. മഴയെതുടര്‍ന്ന് തോട്ടില്‍ നല്ല ഒഴുക്കായിരുന്നു. അത്തോളി പോലീസ് സ്ഥലത്തെത്തി മൃതദേഹം മൊടക്കല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. പോലീസ് അന്വേഷണം ആരംഭിച്ചു.